കാത്തിരിപ്പിനുവിരാമം : നന്ദനയ്ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചു
കാത്തിരിപ്പിനുവിരാമം : നന്ദനയ്ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചു

ഇടുക്കി: അഞ്ചിലേറെ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മേരികുളം ആറേക്കര്‍ ഇലവുങ്കല്‍ ബിജുവിന്റെ മകള്‍ നന്ദനക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചു. അമ്മ സൗമ്യയ്‌ക്കൊപ്പം മാട്ടുക്കട്ടയിലെ അക്ഷയകേന്ദ്രത്തിലെത്തി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഏറ്റുവാങ്ങി. ആധാര്‍ നമ്പര്‍ തയ്യാറായതായി കാട്ടി ബുധനാഴ്ച രാവിലെ 11 ഓടെ ഐ.ടി.മിഷന്റെ എസ്എംഎസ് ഫോണില്‍ എത്തിയിരുന്നു.
നന്ദനയും അമ്മയും നിരവധി അക്ഷയ സെന്ററുകള്‍ കയറിയിറങ്ങിയിട്ടും ആധാര്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തത് ''ഹൈറേഞ്ച് ഓണ്‍ലൈന്‍'' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ഐ ടി മിഷന്റേയും ഇടപെടലിനെ തുടര്‍ന്നാണ് ആധാര്‍ നമ്പര്‍ ലഭിച്ചത്.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ആധാര്‍ എടുത്തത്. പിന്നീട് രണ്ടുവര്‍ഷത്തിന് ശേഷം പുതുക്കുന്നതിനിടെയാണ് അബദ്ധത്തില്‍ റദ്ദാക്കപ്പെട്ടത്. പലതവണ പുതുക്കാനും പുതിയത് എടുക്കാനും ശ്രമിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ പല ക്ലാസുകളിലെയും സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നന്ദനയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആധാര്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം.
What's Your Reaction?






