ഉപ്പുതറ സിഎച്ച്‌സിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും കുറവ്: രോഗികള്‍ക്ക് ദുരിതം
ഉപ്പുതറ സിഎച്ച്‌സിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും കുറവ്: രോഗികള്‍ക്ക് ദുരിതം

ഇടുക്കി: ഡോക്ടര്‍മാരില്ലാത്തതും മരുന്നുകളുടെ അഭാവവും മൂലം ഉപ്പുതറ സിഎച്ച്‌സിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നതായി പരാതി. ആദിവാസി, തോട്ടം മേഖലയിലെ ആളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. 400ലേറെ പേര്‍ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ രണ്ടുഡോക്ടര്‍മാരുടെ സേവനമേയുള്ളൂ. 50 കിടക്കകളുള്ള ആശുപത്രിയില്‍ ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. രാവിലെ മുതല്‍ എത്തുന്നവര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നു. ഒപിയിലുള്ള ഡോക്ടര്‍ ഉച്ചഭക്ഷണം പോലും കഴിക്കാതെ രോഗികളെ പരിശോധിക്കേണ്ട സ്ഥിതിയാണ്. പിഎച്ച്‌സിയുടെ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. പലമരുന്നുകളും ആശുപത്രി ഫാര്‍മസിയില്‍ ഇല്ല.
സര്‍ജന്‍ ഉള്‍പ്പെടെ 7 ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ വേണ്ടത്. എന്നാല്‍ 4 പേരില്‍ കൂടുതല്‍ ഒരിക്കലും ഇവിടെ ജോലി ചെയ്തിട്ടില്ല. ഇവരില്‍ ഒരാള്‍ സ്ഥലം മാറിപ്പോകുകയും മറ്റൊരാള്‍ ഒരാള്‍ പ്രസവാവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഡിഎംഒ ഓഫീസിലെ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ പോകേണ്ടതിനാല്‍ മെഡിക്കല്‍ ഓഫീസറുടെ സേവനം കിട്ടാറില്ല. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും കുറവാണ്.
കണ്ണംപടി ആദിവാസി മേഖലകളിലെ 12 കുടിയിലേയും പൂട്ടിക്കിടക്കുന്ന 4 തോട്ടങ്ങളിലേയും ആളുകള്‍ ഉള്‍പ്പെടെ ഇവിടെയാണ് ചികിത്സ തേടി എത്തുന്നത്.
ജീവനക്കാര്‍ കുറവായതിനാല്‍ മുമ്പ് നടത്തിവന്നിരുന്ന മെഡിക്കല്‍ ക്യാമ്പുകളും മുടങ്ങി. എക്‌സ്-റേ ഉപകരണങ്ങള്‍ തുരുമ്പെടുത്തുനശിച്ചു. ഫാര്‍മസി കെട്ടിടത്തിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചില്ല. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് യഥാസമയം ചികിത്സ ലഭ്യമാക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.
What's Your Reaction?






