ആദിവാസി കര്‍ഷകന്റെ കൃഷി നശിപ്പിച്ച സംഭവം: മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ഊര് മൂപ്പന്‍മാര്‍
ആദിവാസി കര്‍ഷകന്റെ കൃഷി നശിപ്പിച്ച സംഭവം: മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ഊര് മൂപ്പന്‍മാര്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മേരികുളം ചെന്നിനായ്ക്കന്‍കുടിയില്‍ ആദിവാസി കര്‍ഷകന്റെ വിളകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി ഊര്മൂപ്പന്‍മാര്‍. ചെന്നിനായ്ക്കന്‍കുടി കിണറ്റുകര കുഞ്ഞുരാമന്റ ഒന്നര ഏക്കര്‍ ഭൂമിയിലെ ഏലം ഉള്‍പ്പെടെയുള്ള കൃഷിയാണ് ക്രിസ്മസ് ദിനത്തില്‍ വെട്ടിനശിപ്പിച്ചത്. കലക്ടര്‍ക്കും പീരുമേട് ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഇവര്‍ ആരോപിച്ചു.
2009ല്‍ കുഞ്ഞുരാമന്‍ ഭൂമി പാട്ടത്തിന് നല്‍കിയിരുന്നു. 12 വര്‍ഷത്തേയ്ക്കാണ് സമ്മതിച്ചിരുന്നത്. എന്നാല്‍ പാട്ടക്കാരന്‍ കരാറില്‍ 22 വര്‍ഷം എന്ന് മാറ്റിയെഴുതിയതായി കുഞ്ഞുരാമന്‍ ആരോപിക്കുന്നു. 12വര്‍ഷത്തെ കാലാവധി കഴിഞ്ഞപ്പോള്‍ സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഒഴിയാന്‍ തയാറായില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചപ്പോള്‍ പാട്ടക്കാരന് അനുകൂലമായി വിധിയുണ്ടായി. ഇതോടെ മേല്‍ക്കോടതിയെയും കലക്ടറെയും സമീപിച്ചു. 21ന് മുമ്പായി സ്ഥലം ഒഴിഞ്ഞുകൊടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ പാട്ടക്കാരന്‍ ക്രിസ്മസ് ദിനം വരെ സ്ഥലത്തുനിന്ന് വിളവെടുത്തശേഷം മുഴുവന്‍ കൃഷിയും നശിപ്പിച്ചതായാണ് പരാതി. ഏലവും കുരുമുളകും വെട്ടിയും മറ്റുള്ളവ കളനാശിനി തളിച്ചുമാണ് നശിപ്പിച്ചത്. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പരാതി നല്‍കിയിട്ടും പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയില്ല. പട്ടിക വര്‍ഗ്ഗവകുപ്പില്‍ നിന്ന് മാത്രമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതോടെ മൂന്ന് കുടികളിലെ ഊര് മൂപ്പന്‍മാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ്.
What's Your Reaction?






