മകരവിളക്ക് മഹോത്സവം: ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍: പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ദര്‍ശന സൗകര്യം

മകരവിളക്ക് മഹോത്സവം: ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍: പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ദര്‍ശന സൗകര്യം

Jan 11, 2024 - 18:20
Jul 8, 2024 - 19:00
 0
മകരവിളക്ക് മഹോത്സവം: ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍: പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ദര്‍ശന സൗകര്യം
This is the title of the web page

ഇടുക്കി: ശബരിമല മകരവിളക്ക് ദര്‍ശനത്തിന് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ണം. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കി. കഴിഞ്ഞ മണ്ഡലകാലത്തെത്തിയ തീര്‍ഥാടകരേക്കാള്‍ കൂടുതല്‍പേരെ പ്രതീക്ഷിക്കുന്നുണ്ടെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം മൂന്നിടങ്ങളിലും സന്ദര്‍ശനം നടത്തി.
1400ലേറെ പൊലീസുകാര്‍ വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കും. വള്ളക്കടവില്‍ നിന്ന് പുല്ലുമേട് ടോപ്പ് വരെ രണ്ടുകിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ്, മെഡിക്കല്‍ ടീമിന്റെ സേവനം ഒരുകിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ബാരിക്കേഡ് നിര്‍മാണം പൂര്‍ത്തിയാക്കി. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ 5000 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചു. കോഴിക്കാനത്ത് 2000 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളില്‍ ചെറിയ ടാങ്കുകളും സ്ഥാപിക്കും. 6 പോയിന്റുകളില്‍ അഗ്നിരക്ഷാ സേനയുടെ സേവനമുണ്ടാകും. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിലോമീറ്റര്‍ ദൂരത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു.

ഭക്തര്‍ക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അറിയിപ്പ് നല്‍കും. പുല്ലുമേട് ടോപ്പില്‍ മിന്നല്‍രക്ഷാ സംവിധാനം തയ്യാക്കിയിട്ടുണ്ട്. കോഴിക്കാനം, പുല്ലുമേട് എന്നിവിടങ്ങളില്‍ വനംവകുപ്പിന്റെ കഫ്റ്റീരിയ സേവനം നല്‍കും.
കുമളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഉച്ചയ്ക്ക് ഒന്നുവരെ സര്‍വീസ് നടത്തും. 65 സര്‍വീസുകളാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ബസുകള്‍ എത്തിക്കും. വള്ളക്കടവ് ചെക്ക്‌പോസ്റ്റ് വഴി ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രമേ ഭക്തരെ പ്രവേശിപ്പിക്കൂ. ശബരിമലയില്‍നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ വരെ മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. മകരവിളക്ക് കണ്ട ശേഷം തിരികെ ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ല. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി കര്‍പ്പൂരം കത്തിക്കുന്നത് ഉള്‍പ്പെടെയുള്ളവ പുല്ലുമേട്ടില്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്, നിരോധിത വസ്തുക്കള്‍ തുടങ്ങിയവ അനുവദിക്കില്ല.

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്റ്റേഡിയം, വാളാര്‍ഡി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. തമിഴ്നാട്ടില്‍നിന്ന് ശബരിമല ദര്‍ശനത്തിനായി എത്തുന്ന കമ്പംമെട്ട്, കട്ടപ്പന, കുട്ടിക്കാനം വഴി എത്തണം.
മുന്നൊരുക്കം വിലയിരുത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ കുമളിയില്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍, വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow