വാഗമണ്ണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം: വലഞ്ഞ് സന്ദര്‍ശകര്‍
വാഗമണ്ണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം: വലഞ്ഞ് സന്ദര്‍ശകര്‍

ഇടുക്കി: ക്രിസ്മസ് പുതുവത്സര ആഘോഷം കഴിഞ്ഞിട്ടും വാഗമണ്ണില്‍ തിരക്കിന് കുറവില്ല. അവധി ദിനങ്ങളില്‍ സന്ദര്‍ശകര്‍ ഒഴുകിയെത്തിയതോടെ ടൗണില്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് നിരവധി വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. ഉത്സവ സീസണിലെ തിരക്ക് അവധി ദിനങ്ങളിലും അതേപടി തുടരുകയാണ്. വാഹനങ്ങള്‍ വഴിയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതും ടൂറിസ്റ്റ് ബസുകള്‍ കൂടുതലായി എത്തിയതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതോടെ നിരവധിപേര്‍ മുഴുവന്‍ കേന്ദ്രങ്ങളും സന്ദര്‍ശിക്കാതെ മടങ്ങുകയാണ്.ശനിയാഴ്ച ഉച്ചയ്ക്ക് സഞ്ചാരികള്‍ക്ക് പുറമേ പ്രദേശവാസികളും കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരും ഗതാഗതക്കുരുക്കില്‍പ്പെട്ട് വലഞ്ഞു. പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പ്രധാന പാതകള്‍ക്ക് വീതിയില്ലാത്തതാണ് പ്രധാന പ്രശ്‌നം. ടൂറിസ്റ്റ് ബസുകള്‍ ഇരുദിശകളില്‍ നിന്നും എത്തിയാല്‍ പണിപ്പെട്ടാണ് കടന്നുപോകുന്നത്.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വാഗമണ്ണില്‍ രാജ്യാന്തര നിലവാരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടും റോഡ് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. പാതകള്‍ വീതി കൂട്ടിയെങ്കില്‍ മാത്രമേ ഗതാഗത കുരുക്ക് പരിഹരിക്കാനാകൂ.
What's Your Reaction?






