കുമളിയില്‍ മക്കള്‍ ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധ മരിച്ചു
കുമളിയില്‍ മക്കള്‍ ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധ മരിച്ചു

ഇടുക്കി: മക്കള്‍ സംരക്ഷിക്കാത്തതിനെ തുടര്‍ന്ന് കുമളിയില്‍ വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവന്ന വൃദ്ധ ശാരീരിക അവശതകളെത്തുടര്‍ന്ന് മരിച്ചു. അട്ടപ്പള്ളം ലക്ഷംവീട് കോളനിയിലെ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യുവാണ് മരിച്ചത്. കൈയ്ക്ക് ഒടിവുസംഭവിച്ച ഇവരെ മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കുമളി പൊലീസ് കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒറ്റയ്ക്ക് താമസിച്ചിരുന്ന അന്നക്കുട്ടി നിലത്തുവീണ് കൈയ്ക്ക് ഒടിവ് സംഭവിച്ചിരുന്നു. ഭക്ഷണവും മരുന്നുമില്ലാതെ ആരോഗ്യനില മോശമായതോടെ നാട്ടുകാരും പഞ്ചായത്ത് അംഗവും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചു.
ഭര്‍ത്താവ് നേരത്തെ മരിച്ച അന്നക്കുട്ടിക്ക് മകനും മകളുമാണ് ഉള്ളത്. ഇരുവരും വിവാഹം കഴിച്ച് കുമളിയില്‍ തന്നെയാണ് താമസം. എന്നാല്‍ കുടുംബസ്വത്ത് വിറ്റുകിട്ടിയ പണം വാങ്ങിയെടുത്ത ശേഷം തന്നെ സംരക്ഷിക്കാതെ ഉപേഷിച്ചതായും നാട്ടുകാരുടെ സഹായത്താലാണ് ഇതുവരെ ജീവിച്ചതെന്നും അന്നക്കുട്ടി പറഞ്ഞിരുന്നു. പൊലീസ് വിവരം അറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകന്‍, വീട്ടിലെ നായയെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് വൈകാതെ സ്ഥലം വിട്ടു. മകള്‍ മാസംതോറും ചെറിയ തുക നല്‍കിയിരുന്നു. ഒരു വര്‍ഷത്തിലേറെയായി വയോധിക ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
What's Your Reaction?






