കട്ടപ്പനയില്‍ മാലിന്യം തള്ളല്‍ രൂക്ഷം: 'വടി'യെടുത്ത് നഗരസഭ
കട്ടപ്പനയില്‍ മാലിന്യം തള്ളല്‍ രൂക്ഷം: 'വടി'യെടുത്ത് നഗരസഭ

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയില്‍ മാലിന്യം തള്ളല്‍ രൂക്ഷം. കട്ടപ്പന -കൊച്ചുതോവാള റോഡരികില്‍ മാലിന്യം ചാക്കില്‍കെട്ടി തള്ളിയതായി കണ്ടെത്തി. ഒരിടവേളയ്ക്ക് ശേഷം നഗരത്തിന്റെ പരിസരപ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. കൊച്ചുതോവാള റോഡിന്റെ ഇരുവശങ്ങളിലും വന്‍തോതില്‍ അവശിഷ്ടങ്ങള്‍ കുന്നുകൂടി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമിയുടെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.
പ്ലാസ്റ്റിക് വസ്തുക്കളും ഡയപ്പറുകളും ഭക്ഷണാവശിഷ്ടങ്ങളും ഉള്‍പ്പെടെയാണ് ചാക്കില്‍ കെട്ടി തള്ളിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ മാലിന്യം തുറന്നുപരിശോധിച്ച് തെളിവുകള്‍ കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ഭക്ഷണാവശിഷ്ടങ്ങള്‍ തെരുവ് നായകള്‍ പരിസരത്ത് നിരത്തിയതോടെ അസഹ്യമായ ദുര്‍ഗന്ധമാണ്.
പേഴുംകവല ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പരിസരത്തും മാലിന്യം തള്ളുന്നതായി കണ്ടെത്തി. നേരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതോടെ മാലിന്യം തള്ളല്‍ കുറഞ്ഞിരുന്നു.
What's Your Reaction?






