കട്ടപ്പന നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടിന്
കട്ടപ്പന നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടിന്

ഇടുക്കി: കട്ടപ്പന നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടിന്.നഗരസഭാധ്യക്ഷ ഷൈനി സണ്ണി രാജിവെച്ച ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. എ.ഗ്രൂപ്പിൽ നിന്നുള്ള ബീന ടോമിയായിരിയ്ക്കും അടുത്ത അധ്യക്ഷയെന്നാണ് സൂചന
നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് രണ്ടിന് 11- ന് നടക്കും. മുന്നണി ധാരണപ്രകാരം നഗരസഭാധ്യക്ഷ ഷൈനി സണ്ണി രാജിവെച്ച ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് . ധാരണ പ്രകാരം ആദ്യ മൂന്നു വർഷം അധ്യക്ഷ സ്ഥാനം കോൺഗ്രസ് ഐ.ഗ്രൂപ്പിനും തുടർന്നുള്ള രണ്ടു വർഷം എ.ഗ്രൂപ്പിനുമാണ്. ഉപാധ്യക്ഷ സ്ഥാനം ആദ്യം രണ്ടു വർഷം എ.ഗ്രൂപ്പിനും തുടർന്നുള്ള രണ്ടു വർഷം ഐ.ഗ്രൂപ്പിനുമാണ്. ധാരണ പ്രകാരം ഡിസംബർ 28 ന് മൂന്നു വർഷം പൂർത്തിയായിരുന്നു. എന്നാൽ അധ്യക്ഷയും ഉപാധ്യക്ഷനും ഒന്നിച്ച് രാജിവെച്ചാൽ ഭരണ പ്രതിസന്ധിയുണ്ടാകും എന്നതിനാൽ ഉപാധ്യക്ഷൻ രാജിവെച്ച് പുതിയയാളെ തെരത്തെടുത്ത ശേഷം അധ്യക്ഷ രാജിവെച്ചാൽ മതിയാകും എന്നായിരുന്നു തീരുമാനം. എന്നാൽ പുതിയ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തിട്ടും അധ്യക്ഷ രാജിവെയ്ക്കാത്തത് ഗ്രൂപ്പ് പോരിലേയ്ക്കും വിവാദങ്ങളിലേയ്ക്കും നയിച്ചിരുന്നു. തുടർന്ന് 19-ന് നഗരസഭാധ്യക്ഷ ഷൈനി സണ്ണി രാജിവെയ്ക്കുകയായിരുന്നു.
എ.ഗ്രൂപ്പിൽ നിന്നുള്ള ബീന ടോമിയായിരിയ്ക്കും അടുത്ത അധ്യക്ഷയെന്നാണ് സൂചന. നിലവിൽ കട്ടപ്പന നഗരസഭയിൽ എൽ.ഡി.എഫ്. ന് ഒൻപതും , ബി.ജെ.പി.യ്ക്ക് രണ്ടും , കേരള കോൺഗ്രസ് മൂന്നും കോൺഗ്രസിന് 20 അംഗങ്ങളുമാണുള്ളത്.
What's Your Reaction?






