കേരളം ക്ഷീര കര്‍ഷക സൗഹൃദ സംസ്ഥാനമായി: മന്ത്രി ജെ. ചിഞ്ചുറാണി
കേരളം ക്ഷീര കര്‍ഷക സൗഹൃദ സംസ്ഥാനമായി: മന്ത്രി ജെ. ചിഞ്ചുറാണി

ഇടുക്കി: ക്ഷീര മേഖലയില്‍ സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ കേരളത്തെ ക്ഷീര കര്‍ഷക സൗഹൃദസംസ്ഥാനമായി രൂപാന്തരപ്പെടുത്താന്‍ സഹായിച്ചുവെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാന ക്ഷീരകര്‍ഷകസംഗമം പടവ് 2024 അണക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലവസരങ്ങളിലൂടെ മികച്ച ഉപജീവന അന്തരീക്ഷം സൃഷ്ടിക്കുന്ന മേഖലയായി പശുവളര്‍ത്തല്‍ രംഗം മാറി. കൃത്രിമ ബീജാദാനത്തിന് ലിംഗനിര്‍ണ്ണയം നടത്തിയ ബീജമാത്രകള്‍ ഉപയോഗിക്കുന്ന സെക്സ് സോര്‍ട്ടഡ് സെമന്‍ സാങ്കേതിക വിദ്യ എല്ലാ ജില്ലകളിലും നടപ്പാക്കും. ഇതിനായി മൂന്ന് യൂണിറ്റുകള്‍ ഇടുക്കിക്ക് നല്‍കിയിട്ടുണ്ട്. പശുക്കളുടെ ആരോഗ്യ ജനിതക പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഹെല്‍ത്ത് ടാഗുകള്‍ നല്‍കുന്നത് വഴി പശുപരിപാലനം കാര്യക്ഷമമാക്കാന്‍ കഴിയും. ഗുണമേന്മയുള്ളതും സുരക്ഷിതവുമായ തീറ്റ ഉരുക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് കാലിത്തീറ്റ ബില്‍ പാസ്സാക്കിയിട്ടുള്ളത്. ജില്ലയിലെ ഗ്രാമീണ മലയോര മേഖലകളില്‍ വെറ്ററിനറി സേവനം ഉറപ്പാക്കുന്നതിനായി 3 പുതിയ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകള്‍ സ്ഥാപിക്കും. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷീരലയം പദ്ധതി നടപ്പാക്കും. ക്ഷീരകര്‍ഷകര്‍ക്ക് ഫാം ആധുനികവല്‍കരണത്തിനും നവീകരണത്തിനുമായി ബാങ്ക് ലോണ്‍ എടുത്ത തുകയ്ക്ക് പലിശ സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്ന പലിശരഹിത വായ്പ പദ്ധതി ഉടന്‍ ആരംഭിക്കും.
കേരളത്തിലെ ക്ഷീര സഹകരണ മേഖലയിലുള്ള അധിക പാല്‍ കൈകാര്യം ചെയ്യുന്നതിനായി 10 മെട്രിക് ടണ്‍ ശേഷിയുള്ള പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ടില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. 131.03 കോടി രൂപ ആണ് ഇതിന്റെ പുതുക്കിയ നിര്‍മാണ ചെലവ്.
വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് പദ്ധതി വിശദീകരണം നടത്തി. പരിപാടിയില്‍ ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീര കര്‍ഷകനുള്ള ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന ക്ഷീര സഹകാരി അവാര്‍ഡ് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയില്‍ നിന്നും തൊടുപുഴ കുറുമുള്ളാനിയില്‍ ഷൈന്‍ കെ ബി ഏറ്റുവാങ്ങി. ആപ്‌കോസ് വിഭാഗത്തില്‍ മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ മൈക്കാവ് ക്ഷീരോല്പാദക സഹകരണ സംഘം കരസ്ഥമാക്കി. നോണ്‍ ആപ്‌കോസ് വിഭാഗത്തില്‍ ഈ പുരസ്‌കാരം ഇടുക്കി ജില്ലയിലെ ലക്ഷ്മി മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സഹകരണ സംഘം നേടി.വിവിധ വിഭാഗങ്ങളിലുള്ള മാധ്യമ അവാര്‍ഡുകള്‍ ക്ഷീര സംഗമത്തില്‍ വച്ച് വിതരണം ചെയ്തു. പി സുരേശന്‍ (ദേശാഭിമാനി), നോബിള്‍ ജോസ് (മാതൃഭൂമി), അനില്‍ വള്ളിക്കാട്, ശ്രീകാന്ത് കെ മാനന്തവാടി, ബി എല്‍ അരുണ്‍ (മനോരമ ന്യൂസ്), ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, അരുണ്‍ കുമാര്‍ വയനാട്, സിബു കെ ബി (മലയാള മനോരമ) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
മില്‍മ ചെയര്‍മാന്‍ കെ എസ് മണി, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍, ഇ.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ എം ടി ജയന്‍, ടി.ആര്‍.സി.എം.പി.യു ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ്, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം, ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് കുരുവിള എന്നിവര്‍ സംസാരിച്ചു. കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ ആര്‍ രാംഗോപാല്‍, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് എം ഡി ഡോ.രാജീവ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ഇ.ആര്‍.സി.എം.പി.യു ബോര്‍ഡ് മെമ്പര്‍ പോള്‍ മാത്യു, എം.ആര്‍.സി.എം.പി.യു ബോര്‍ഡ് മെമ്പര്‍ പി പി നാരായണന്‍, കെ സലിം കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ സ്വാഗതവും ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് നന്ദിയും പറഞ്ഞു.
What's Your Reaction?






