നോമ്പുകാല തീര്‍ത്ഥാടനം എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
നോമ്പുകാല തീര്‍ത്ഥാടനം എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം

ഇടുക്കി: ഹൈറേഞ്ചിലെ നോമ്പുകാല തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ വലിയ നോമ്പാചരണത്തിന്റെ ഭാഗമായുള്ള മലകയറ്റം ആരംഭിച്ചു. രാവിലെ 9:45ന് ടൗണ്‍ കപ്പേളയില്‍ നിന്നും ആരംഭിച്ച കുരിശിന്റെ വഴിക്ക് ഇടവക വികാരി ഫാദര്‍ ജോര്‍ജ് പാടത്തേകുഴി, ഫാദര്‍ വിനോദ് കാനാട്ട്, ഫാദര്‍ സെബാസ്റ്റ്യന്‍ ഏഴോലിത്തടിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തീര്‍ത്ഥാടക ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് നാലുമുക്ക് പള്ളി വികാരി ഫാദര്‍ ഫിലിപ്പ് താഴത്ത് വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്ക് ശേഷം നേര്‍ച്ച കഞ്ഞി വിതരണവും നടന്നു. വൈകിട്ട് അഞ്ചുമണിക്ക് തീര്‍ത്ഥാടക ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിക്ക് ആനക്കുളം പള്ളി വികാരി ഫാദര്‍ ജോര്‍ജ് പള്ളിവാതുക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. നാല്പതാം വെള്ളിയാഴ്ച കുരിശുമല കയറ്റത്തിന് അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും. ദുഃഖ വെള്ളിയാഴ്ച കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളില്‍ നിന്ന് കുരിശുമലയിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാത്രികാലങ്ങളിലും മല കയറുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
What's Your Reaction?






