പൂപ്പാറ ഒഴിപ്പിക്കല്‍: പ്രക്ഷോഭം ശക്തമാക്കാന്‍ വ്യാപാരികള്‍: 18 മുതല്‍ രാപ്പകല്‍ സമരം
പൂപ്പാറ ഒഴിപ്പിക്കല്‍: പ്രക്ഷോഭം ശക്തമാക്കാന്‍ വ്യാപാരികള്‍: 18 മുതല്‍ രാപ്പകല്‍ സമരം

ഇടുക്കി: പൂപ്പാറയിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാന്‍ വ്യാപാരികള്‍. നിയമപോരാട്ടം തുടരാനും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി രാപ്പകല്‍ സമരം തുടങ്ങാനുമാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. 18 മുതല്‍ 20 വരെ പൂപ്പാറയില്‍ രാപ്പകല്‍ സമരം നടത്തും. പൂപ്പാറയില്‍ കൈയേറ്റം ഒഴിപ്പിച്ച വീടുകളില്‍ താമസിച്ചിരുന്നവരെയും വ്യാപാരികളെയും പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
പൂപ്പാറ ടൗണില്‍ ശാന്തന്‍പാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് ഭൂമിയില്‍ പുനര്‍നിവാസ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ശാന്തന്‍പാറ പഞ്ചായത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കടകള്‍, വീടുകള്‍, മൂന്ന് ആരാധനാലയങ്ങള്‍ എന്നിവ ഉള്‍പ്പെടെ 56 കൈയേറ്റങ്ങളാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്.
ഉപജീവനമാര്‍ഗ്ഗം നഷ്ടമായ 7 വ്യാപാരികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുനരധിവാസവുമായി ബന്ധപ്പെട്ട നിര്‍ദേശമുണ്ടായത്. പുനരധിവസിപ്പിക്കുന്നതുവരെ ഈ കെട്ടിടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതിയുടെ നിര്‍ദേശം കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് അനുകൂലമല്ലെന്നും ഇക്കാരണത്താല്‍ വരുന്ന ഞായര്‍ തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പൂപ്പാറയില്‍ രാപകല്‍ സമരം നടത്തുമെന്നും നിയമ പോരാട്ടം തുടരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബാബു താമരപ്പിള്ളിപറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനം ഉപജീവന മാര്‍ഗം ഇല്ലാതായ വ്യാപാരികള്‍ക്ക് അനുകൂലമായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
What's Your Reaction?






