കാലാവസ്ഥാ വ്യതിയാനം: ഏലം കർഷകർ പ്രതിസന്ധിയിൽ
കാലാവസ്ഥാ വ്യതിയാനം: ഏലം കർഷകർ പ്രതിസന്ധിയിൽ

ഇടുക്കി: കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായതോടെ ഏലക്കയുടെ വിളവെടുപ്പ് വൈകുന്നു. ഏലച്ചെടികൾ പൂവിട്ട ശേഷം കായ വിളഞ്ഞ് പാകമാകുവാനുള്ള സമയമാണ് വർധിച്ചിരിക്കുന്നത് . സാധാരണയായി 55 മുതൽ 60 ദിവസത്തിനിടയിലാണ് വിളവെടുപ്പ് നടത്താറുള്ളത്.എന്നാൽ കാലാവസ്ഥ മാറിയതോടെ 85 മുതൽ 90 ദിവസങ്ങൾ വരെയാണ് ഇപ്പോൾ കായ വിളഞ്ഞ് പാകമാകുവാൻ വേണ്ട സമയം.കൃത്യമായ തെക്കുപടിഞ്ഞാറൻ മൺസൂൺ ലഭിയ്ക്കാത്തതാണ് വിളവെടുപ്പ് വൈകാൻ കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.ഏലക്കക്ക് ശരാശരി 1600 രൂപ ലഭിയ്ക്കുന്നുണ്ട്. വിളവെടുക്കാനുള്ള സമയം വർധിച്ചതോടെ ഉത്പാദനച്ചെലവ് ഗണ്യമായി ഉയരുകയും ഉത്പാദനം കുറയുകയും
ചെയ്തത് കർഷകരെ പ്രതിസന്ധിയിലാക്കി . 2020 ഡിസംബർ വരെ ഏലക്ക കിലോയ്ക്ക് 2000 രൂപ കർഷകന് ശരാശരി വില ലഭിച്ചിരുന്നു എന്നാൽ പിന്നീട് വില താഴ്ന്ന് 700 രൂപ വരെയെത്തുകയും ചെയ്തു. പകൽ സമയത്ത് ചൂട് വർധിയ്ക്കുന്നതും രാത്രിയിലെ മൂടൽമഞ്ഞും തണുപ്പും കായ പാകമാകാൻ താമസം വരുത്തുന്ന മറ്റ് ഘടകങ്ങളാണെന്നും വിദഗ്ധർ പറയുന്നു
What's Your Reaction?






