നെടുങ്കണ്ടം സ്റ്റേഡിയം ഉദ്ഘാടനം ശനിയാഴ്ച
നെടുങ്കണ്ടം സ്റ്റേഡിയം ഉദ്ഘാടനം ശനിയാഴ്ച

ഇടുക്കി: നെടുങ്കണ്ടം കിഴക്കേക്കവലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച സ്റ്റേഡിയം ശനിയാഴ്ച മന്ത്രി വി അബ്ദുറഹ്‌മാന്‍ നാടിന് സമര്‍പ്പിക്കും. എം എം മണി എംഎല്‍എ അധ്യക്ഷനാകും. ജില്ലയിലെ കായിക താരങ്ങള്‍ക്ക് പരിശീലന സൗകര്യമൊരുങ്ങുന്നതിനൊപ്പം സ്‌കൂള്‍ മീറ്റുകള്‍, മറ്റ് സംസ്ഥാന, ദേശീയ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കാനുമാകും. കായികവകുപ്പും കിഫ്ബിയും ചേര്‍ന്ന് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഫിഫ നിലവാരത്തില്‍ നിര്‍മിച്ച ഫുട്ബോള്‍ ഫീല്‍ഡ് എന്നിവയാണ് രാത്രിയിലും പകലും ഒരുപോലെ മത്സരം നടത്താനാകുന്ന ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിന്റെ സവിശേഷതകള്‍. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് മെറ്റിരിയല്‍സ് ഉപയോഗിച്ചാണ് 13.2 മില്ലിമീറ്റര്‍ കനത്തില്‍ 400 മീറ്റര്‍ ട്രാക്ക് നിര്‍മിച്ചത്. ട്രാക്കിന്റെ ആദ്യഭാഗം പത്ത് ലൈനുകളുള്ള നൂറുമീറ്റര്‍ ട്രാക്കും ബാക്കി എട്ട് ലൈനുകളുള്ള ട്രാക്കുമാണ്. 400, 100 മീറ്റര്‍ ഓട്ടമത്സരങ്ങള്‍ക്ക് പുറമെ ഡിസ്‌കസ്, ഹാമര്‍, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോകളും ലോങ്, ഹൈ, ട്രിപ്പിള്‍ ജമ്പുകളും പോള്‍വാള്‍ട്ട്, സ്റ്റിപ്പിള്‍ ചെയ്‌സിങ് മത്സരങ്ങളും ഇവിടെ നടത്താം. ആറ് ഏക്കറിലാണ് സ്റ്റേഡിയം. ബര്‍മുഡ ഗ്രാസ് എന്ന പച്ചപ്പുല്ലാണ് മൈതാനത്ത് നട്ടുപിടിപ്പിച്ചിട്ടുള്ളത്. കിഫ്ബിയിലൂടെ 10 കോടിയും സര്‍ക്കാര്‍ മൂന്നുകോടിയും നെടുങ്കണ്ടം പഞ്ചായത്ത് ഒരുകോടിയിലേറെ രൂപയും ചെലവഴിച്ചു.
ഉദ്ഘാടന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കായിക പ്രതിഭകളെ ആദരിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആറിന് അക്രോബാറ്റിക് ജൂഡോ ഷോയും 6.30ന് കരാട്ടേ പ്രദര്‍ശനവും ഉണ്ടാകും. 7.30ന് ചങ്ങനാശേരി എസ്ബി കോളേജും കോട്ടയം ബസോലിയോസ് കോളേജും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടക്കും.
What's Your Reaction?






