നഗരസഭയുടെ കെടുകാര്യസ്ഥതയില്‍ തകര്‍ന്ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ്
നഗരസഭയുടെ കെടുകാര്യസ്ഥതയില്‍ തകര്‍ന്ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ്

ഇടുക്കി: നഗരസഭയുടെ കെടുകാര്യസ്ഥതയില്‍ തകര്‍ന്ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിട സമുച്ചയം. ബസ് സ്റ്റാന്‍ഡ് നവീകരണത്തിനായി പല വാഗ്ദാനങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല. 2011ലാണ് പുതിയ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനമാരംഭിച്ചത്. നിര്‍മാണം ആരംഭിച്ചപ്പോള്‍ത്തന്നെ നിരവധി വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും മാതൃകാപരമായ പ്രവര്‍ത്തനം കൊണ്ടും, സൗകര്യങ്ങള്‍ കൊണ്ടും ബസ് സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. കട്ടപ്പന പഞ്ചായത്തില്‍ നിന്നും നഗരസഭയായപ്പോള്‍ ബസ് സ്റ്റാന്‍ഡിനും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ നാള്‍ക്കുനാള്‍ അവഗണന അല്ലാതെ മറ്റൊന്നുമുണ്ടായില്ല.
ബസ് സ്റ്റാന്‍ഡ് മന്ദിരത്തിന്റെ ഭിത്തികളില്‍ പലയിടങ്ങളിലും വലിയ വിള്ളലുകള്‍ രൂപപ്പെടുകയും, മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയും, നിലത്തുപാകിയിരിക്കുന്ന ടൈലുകള്‍ പൊട്ടിയതോടെ ടൈലുകളിലേക്ക് മഴവെള്ളം കയറുന്നതിനും കാരണമാകുന്നു.
കെട്ടിടത്തിനുള്ളില്‍ ആളുകള്‍ക്ക് ഇരിക്കുവാനുള്ള സീറ്റുകള്‍ പലതും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. കൂടാതെ കെട്ടിടത്തിനുള്ളില്‍ കൂടുകൂട്ടിയിരിക്കുന്ന പ്രാവുകള്‍ കച്ചവട സ്ഥാപനങ്ങളിലെ ആളുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പക്ഷികളുടെ ശല്യത്തിനെതിരെ നിരന്തരം പരാതി ഉയര്‍ന്നതോടെ ഒരു പച്ച നെറ്റ് വലിച്ചു കെട്ടുക മാത്രമാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ നടപടി. കെട്ടിടത്തിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ പ്രകാശിച്ചില്ലെങ്കിലും പകല്‍ സമയം മുഴുവന്‍ വൈദ്യുതി നഷ്ടപ്പെടുത്തി പ്രകാശിച്ചു നില്‍ക്കുകയാണ്. കൂടാതെ ഇതരസംസ്ഥാന തൊഴിലാളികള്‍ ബസ് സ്റ്റാന്‍ഡ് മന്ദിരം കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിക്കച്ചവടത്തിനെതിരെ ശാശ്വതമായ നടപടികള്‍ സ്വീകരിക്കാനും നഗരസഭയ്ക്ക് സാധിച്ചിട്ടില്ല.
What's Your Reaction?






