ഇന്ന് അധ്യാപകദിനം: വിദ്യാര്‍ഥികള്‍ക്ക് കരുതലാണ്, കരുത്താണ് ലിന്‍സി ടീച്ചര്‍
ഇന്ന് അധ്യാപകദിനം: വിദ്യാര്‍ഥികള്‍ക്ക് കരുതലാണ്, കരുത്താണ് ലിന്‍സി ടീച്ചര്‍

ഇടുക്കി: പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മാറിയ ലിന്‍സി ജോര്‍ജ് എന്ന അധ്യാപിക ഒരു മാതൃകയാണ്. ഏറ്റവുമൊടുവില്‍ രണ്ട് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ലിന്‍സി ടീച്ചറിന്റെ കരുതലില്‍ സ്‌നേഹവിടുകള്‍ ഒരുങ്ങുകയാണ്. 2007ലാണ് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച വേളയിലാണ് പലരുടെയും ദുരവസ്ഥ തിരിച്ചറിയുന്നത്. അന്നുമുതല്‍ അവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിത്തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രതിസന്ധികളില്‍ ഒപ്പംനിന്ന് നിരവധി സേവനങ്ങള്‍ ലഭ്യമാക്കി.
2015, 2016, 2018- 19, 2021 വര്‍ഷങ്ങളിലായി ആറുവീടുകള്‍ നിര്‍മിച്ചുനല്‍കി. 2020ല്‍ എല്‍പി സ്‌കൂളിലെ മുഴുവന്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സൗജന്യമായി ലഭ്യമാക്കി. കോവിഡ് കാലത്ത് 54 വിദ്യാര്‍ഥികള്‍ക്ക് ടിവി വാങ്ങിനല്‍കി. കൂടാതെ ഉപ്പുതറ കണ്ണംപടി ഗവ. ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് 10 ടിവികളും കോവില്‍മല സ്റ്റഡി സെന്ററിന് ഒരുടിവിയും വിതരണം ചെയ്തു. മുഴുവന്‍ പ്രൈമറി കുട്ടികള്‍ക്കും ഓണക്കോടി നല്‍കി. കോവിഡ് കാലത്ത് 145 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യകിറ്റും വിതരണം ചെയ്തു. സ്‌കൂളിലെ വിദ്യാര്‍ഥിക്ക് 50,000 രൂപ ചികിത്സാധനസഹായം കൈമാറി. സുമനസുകളുടെയും സഹായത്തോടെയാണ് ലിന്‍സി ടീച്ചറുടെ സമൂഹിക പ്രവര്‍ത്തനം.
സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ലിന്‍സി ജോര്‍ജ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സ്‌കൂള്‍ അധികൃതരുടെയും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെയും പിന്തുണയും പ്രചോദനവുമാണ് ഈ അധ്യാപികയെ മുന്നോട്ടുനയിക്കുന്നത്. 2020ല്‍ സംസ്ഥാന അധ്യാപക പുരസ്‌കാരവും ലഭിച്ചു. അവാര്‍ഡ് തുക വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി ചെലവഴിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ മികച്ച ജീവനക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡിനും ലിന്‍സി ജോര്‍ജ് അര്‍ഹയായി. സ്വകാര്യ കോളേജിലെ ഓഫീസ് ജീവനക്കാരനായ ലബ്ബക്കട സ്വദേശി കൊച്ചുപറമ്പില്‍ സെബാസ്റ്റ്യനാണ് ഭര്‍ത്താവ്. ജോയല്‍, ടോം എന്നിവരാണ് മക്കള്‍.
What's Your Reaction?






