ചിരിക്ലബ് വിഭാവനം ചെയ്യുന്ന കുഴല്‍ക്കിണര്‍ റീചാര്‍ജിങ് സംവിധാനം പഠിക്കാന്‍ ജലനിധി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍
ചിരിക്ലബ് വിഭാവനം ചെയ്യുന്ന കുഴല്‍ക്കിണര്‍ റീചാര്‍ജിങ് സംവിധാനം പഠിക്കാന്‍ ജലനിധി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍

ഇടുക്കി: ചിരി ക്ലബ് വിഭാവനം ചെയ്യുന്ന കുഴല്‍കിണര്‍ റീചാര്‍ജിങ് സംവിധാനം പഠിക്കാന്‍ ജലനിധി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. റീചാര്‍ജിങ് സംവിധാനത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനുശേഷം സംവിധാനം സര്‍ക്കാര്‍ പദ്ധതിയാക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ജില്ല നേരിടുന്ന കൊടിയ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുക, അനിയന്ത്രിതമായി താഴുന്ന ഭൂഗര്‍ഭ ജലത്തെ നിലനിര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് റീചാര്‍ജിങ് സംവിധാനം ഒരുക്കുന്നത്. മഴക്കാലങ്ങളില്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ടെറസില്‍ നിന്നും വരുന്ന ജലം പാത്തിയിലൂടെ ശേഖരിച്ച് പിവിസി പൈപ്പിലൂടെ വിവിധ മിശ്രിതങ്ങള്‍കൊണ്ട് നിര്‍മിച്ച അരിപ്പയിലൂടെ കടത്തിവിട്ട് ശുചിയാക്കി കുഴല്‍ കിണറിലേക്ക് എത്തിക്കുന്നു. ഇതുവഴി കുഴല്‍ കിണറിലെ ജലം സമൃദ്ധമായി എക്കാലവും നിലനില്‍ക്കുകയും, ഉപയോഗശൂന്യമായ കുഴല്‍ കിണറുകള്‍ പുനരുജ്ജിവിപ്പിക്കാനും, സംവിധാനം നടപ്പിലാക്കിയ കുഴല്‍ കിണറുകള്‍ക്ക് സമീപത്തുള്ള കിണറുകളില്‍ വെള്ളം ഉറപ്പുവരുത്തുവാനും സാധിക്കുന്നു. വീടുകള്‍ക്ക് പുറമെ വിവിധ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും സംവിധാനം ഉപയോഗിക്കാനും അതുവഴി കുടിവെള്ളക്ഷാമം പരിഹരിക്കാനും സാധിക്കുന്നു. കുഴല്‍ കിണര്‍ റീചാര്‍ജ് സംവിധാനത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി ആഗസ്റ്റിന്‍ കഴിഞ്ഞ ജൂലൈ 13ന് കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. സംവിധാനത്തെ ഗൗരവമായി കാണുന്നുവെന്നും സര്‍ക്കാര്‍തലത്തില്‍ പദ്ധതിയായി നടപ്പിലാക്കുന്നതിനായി തിരുവന്തപുരത്ത് ഉദ്യോഗസ്ഥരുമായി യോഗം സംഘടിപ്പിക്കാമെന്നും അദ്ദേഹം അന്ന് അറിയിച്ചു. തുടര്‍ന്ന് നടന്ന യോഗത്തിനോട് അനുബന്ധിച്ച് മന്ത്രി റോഷി ആഗസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സിയുടെയും, ജലനിധിയുടെയും ഉദ്യോഗസ്ഥര്‍ ജില്ലയിലെ വിവിധ ബോര്‍വെല്‍ റീചാര്‍ജിങ് സംവിധാനങ്ങള്‍ സന്ദര്‍ശിക്കുകയും പഠനം നടത്തുകയും ചെയ്തത്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഈ സംവിധാനം ഉപയോഗപ്രദമാണ് എന്ന കണ്ടെത്തലില്‍ നിന്നാണ് ബോര്‍വെല്‍ റീചാര്‍ജിങ് സംവിധാനം സര്‍ക്കാര്‍ പദ്ധതിയാക്കാന്‍ സാധിക്കുമോ എന്നതിനെ കുറിച്ച് ഒന്നാം ഘട്ട പഠനമാണ് നടന്നത്. പുളിയന്മല കാര്‍മല്‍ സ്‌കൂള്‍,പുളിയന്മല ഗവണ്‍മെന്റ് സ്‌കൂള്‍, ലയണ്‍സ് ക്ലബ് തുടങ്ങിയ ഇടങ്ങളിലാണ് ഉദ്യോഗസ്ഥര്‍ സംവിധാനം നേരില്‍ കണ്ടു മനസിലാക്കുകയും പഠനവിധേയമാക്കുകയും ചെയ്തതു.ജലനിധി, കെ ആര്‍ ഡബ്യു എസ് എ ഉദ്യോഗസ്ഥരായ തിരുവനന്തപുരം ജില്ല ഓഫീസര്‍ എ എസ് സുധീര്‍ , ഇടുക്കി ജില്ലാ ഓഫീസര്‍ ആര്‍ എല്‍ അനുരൂപ്, ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ് സി അരുണ്‍ചന്ത് ടെക്‌നിക്കല്‍ മാനേജര്‍ സി ആര്‍ രഞ്ജിത്ത് , പ്രോജക്ട് ഓഫീസര്‍ ക്രിസ്റ്റീന്‍ ജോഷി, പ്രോജക്ട് എന്‍ജിനീയര്‍ എന്‍ ഗണേഷ്, എന്നിവരാണ് കുഴല്‍കിണര്‍ ചാര്‍ജിങ് സംവിധാനത്തില്‍ പഠനം നടത്താന്‍ എത്തിയത്. ചിരിക്ലബ് രക്ഷാധികാരി ജോര്‍ജി മാത്യു,
ഫൈനാസ് ഫോം പ്രസിഡന്റ് മനോജ് പി ജി, പ്രോഗ്രാം ചെയര്‍മാന്‍ അനീഷ് തോണക്കര, ഹൈഡ്രോ സിസ്റ്റം ചെയര്‍മാന്‍ ആനന്ദ് കൊല്ലംകുടി,കാര്‍മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ബേര്‍ണി ജോസ് മാത്യു തറപ്പില്‍ സി എം ഐ എന്നിവരും സന്നിഹിതരായിരുന്നു.
What's Your Reaction?






