അവധിക്കാലം ആഘോഷിക്കാന്‍ മൂന്നാറിലേക്ക് ഒഴുകിയെത്തി സഞ്ചാരികള്‍
അവധിക്കാലം ആഘോഷിക്കാന്‍ മൂന്നാറിലേക്ക് ഒഴുകിയെത്തി സഞ്ചാരികള്‍

ഇടുക്കി: ഓണാവധി ആരംഭിച്ചതോടെ മൂന്നാറിന്റെ വിനോദ സഞ്ചാരമേഖല കൂടുതല്‍ സജീവമായി. മൂന്നാറിനെ ഏറ്റവും സുന്ദരമായി കാണാന്‍ കഴിയുന്ന കാലയളവാണ് മണ്‍സൂണ്‍കാലം. ചന്നം പിന്നം പെയ്യുന്ന മഴയും കോടമഞ്ഞും കുളിരുമെല്ലാം സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കും. മഴ പെയ്യുന്നതോടെ തിളക്കമേറുന്ന മൂന്നാറിന്റെ പച്ചപ്പാണ് മറ്റൊരാകര്‍ഷണം. എന്നാല്‍ മഴക്കാലത്ത് ഇവിടേയ്‌ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാകാറുണ്ട്. യാത്രാ നിയന്ത്രണവും മഴ മുന്നറിയിപ്പുകളുമൊക്കെ ഇതിനുകാരണമാണ്. ഇത്തവണ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തവും തിരിച്ചടിയായി. എന്നാല്‍ ഓണക്കാലം എത്തിയതോടെ വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷയിലാണ്. മഴക്കാലമാരംഭിച്ചതു മുതല്‍ ആളനക്കമില്ലാതിരുന്ന ബോട്ടിങ് സെന്ററുകളും ഉദ്യാനങ്ങളുമൊക്കെ സഞ്ചാരികളെ കാത്തിരിക്കുകയാണ്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബുക്കിങ് തുടരുന്നുണ്ട്. ജീപ്പ് സഫാരി നടത്തുന്നവരും വഴിയോര വില്‍പ്പനക്കാരും ഭക്ഷണശാല ഉടമകളുമൊക്കെ പ്രതീക്ഷയിലാണ്. വരും ദിവസങ്ങളില്‍ മഴകുറയുകയും മാനം തെളിയുകയും ചെയ്യുമെന്നാണ് ടൂറിസം മേഖലയുടെ പ്രതീക്ഷ.
What's Your Reaction?






