ബസ് കയറാതെ തോപ്രാംകുടി ബസ് സ്റ്റാന്‍ഡ്
ബസ് കയറാതെ തോപ്രാംകുടി ബസ് സ്റ്റാന്‍ഡ്
ഇടുക്കി: തോപ്രാംകുടി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനമില്ലാതെ നശിക്കുന്നതായി പരാതി. തോപ്രാംകുടി ടൗണിലെ ഗതാഗത തടസം നീക്കുന്നതിനായി 2010 ലാണ് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ പദ്ധതിയാരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഇരിപ്പിടവും ചെറിയൊരു ശുചിമുറിയും നിര്‍മിച്ചു. പിന്നീട് 2017 ല്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ നീക്കിവെച്ച് ടെര്‍മിനല്‍ നിര്‍മിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നൊരു ദിവസം മാത്രം ഒരു ബസ് കയറിയതല്ലാതെ തുടര്‍ന്നിങ്ങോട്ട് വാഹനം ഒന്നും ബസ് സ്റ്റാന്‍ഡില്‍ കയറിയിട്ടില്ല. കെട്ടിടവും, ടോയ്‌ലറ്റ് സംവിധാനവും ഉള്‍പ്പെടെ നശിക്കുമ്പോള്‍ ചുമതലക്കാരായ വാത്തിക്കുടി പഞ്ചായത്ത് തിരിഞ്ഞു നോക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. ടൗണില്‍ ആളുകളെ ഇറക്കിയശേഷം ബസുകള്‍ ഇവിടെ പാര്‍ക്ക് ചെയ്താല്‍ ടൗണിലെ ഗതാഗത തടസം നീക്കാനാവും. എന്നാല്‍ ഇതിനാവശ്യമായ ഇടപെടല്‍ നടത്തുവാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാവുന്നില്ല. എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ഒരു ഹൈമാസ്റ്റ് ലൈറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടി തകരാറായത് രാത്രികാലങ്ങളില്‍ ഇവിടെ സാമൂഹ്യവിരുദ്ധര്‍ക്ക് കൂടുതല്‍ സൗകര്യമായി. പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞു നോക്കാതായതോടെ ബസ് സ്റ്റാന്‍ഡും പരിസരവും കാടുകയറി. വാത്തിക്കുടി പഞ്ചായത്ത് ഉള്‍പ്പെടെയുള്ള അധികൃതരുടെ അശ്രദ്ധകൊണ്ട് ബസ് സ്റ്റാന്‍ഡും പരിസരവും നശിക്കുന്നതിനെതിരെ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.
What's Your Reaction?

