വണ്ടിപ്പെരിയാറില്‍ വീണ്ടും ഭക്ഷ്യവിഷബാധ: പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്
വണ്ടിപ്പെരിയാറില്‍ വീണ്ടും ഭക്ഷ്യവിഷബാധ: പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീണ്ടും ഭക്ഷ്യവിഷബാധ. വണ്ടിപ്പെരിയാര്‍ താജ് ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ച പത്തോളം പേര്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചുരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തുകയും ഏഴ് ദിവസത്തേയ്ക്ക് ഹോട്ടല്‍ അടച്ചിടാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും അടുക്കളയോട് ചേര്‍ന്നാണ് ശുചിമുറി പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. കടയില്‍ ജോലിക്ക് നില്‍ക്കുന്ന ആര്‍ക്കും ഹെല്‍ത്ത് കാര്‍ഡില്ല, സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സില്ല, ശാസ്ത്രീയ പരിശോധനകള്‍ നടത്താതെയാണ് കുടിവെള്ളം ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഏഴു ദിവസത്തിനകം പരാതികള്‍ പരിഹരിച്ച് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമേ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും നോട്ടീസില്‍ പറയുന്നു. ഇതോടൊപ്പം വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളിലും ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ പറഞ്ഞു.. ഇതുകൂടാതെ ചെറുകടി വില്‍പ്പന ശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
What's Your Reaction?






