ഇടുക്കി: കട്ടപ്പന ഇരുപതേക്കര്‍ പോർസ്യുങ്കുലആശ്രമ ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളിന് തുടക്കമായി. ഞായറാഴ്ച രാവിലെ 6.15ന് നടന്ന ചടങ്ങില്‍ ആശ്രമം സുപ്പീരിയര്‍ ഫാ. സേവ്യര്‍ കൊച്ചുറുമ്പില്‍ തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്ന് ഫാ. ഷാരോണ്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഫാ. സേവ്യര്‍ സഹകാര്‍മികനായിരുന്നു.
തിരുനാളിന്റെ ഭാഗമായി ഈ മാസം 30വരെ രാവിലെ 6.15 ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വി. ഫ്രാന്‍സിസ് അസീസീയുടെ നൊവേനയും നടക്കും. വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും വിവിധ ദിവസങ്ങളില്‍ ഫാ. ലിജു ശ്യാരാംകുഴി, ഫാ. ബെനഡിക് വടക്കേക്കര, ഫാ പാട്രിക് സാവിയോ, ഫാ. തോമസ് പാലോലി, ഫാ. ജോയല്‍ വാണിയപുരക്കല്‍, ഫാ. സേവ്യര്‍ വടക്കേക്കര തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഒക്ടോബര്‍ 1 മുതല്‍ 4 വരെ വൈകുന്നേരം 4.30 മുതല്‍ രാത്രി 8.30 വരെ തൃശ്ശൂര്‍, കാര്‍മല്‍ മിനിസ്റ്ററി ഡയറക്ടര്‍ ഫാ. പോള്‍ പുളിക്കന്‍ ആന്‍ഡ് ടീം നേതൃത്വം നല്‍കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും. ഫാ. ഷൈജു പേരുബെട്ടിക്കുന്നേല്‍, ബ്ര. സോണി ദേവസി തുടങ്ങിയവര്‍ ബൈബിള്‍ പ്രഭാഷണം നടത്തും. തിരുനാള്‍ സമാപന ദിനമായ ഒക്ടോബര്‍ നാലിനു വെള്ളിയാഴ്ച്ച 4ന് നടക്കുന്ന തിരുകര്‍മങ്ങള്‍ക്ക് കപ്പുച്ചിന്‍ സഭ കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോര്‍ജ് ആന്റണി ആശാരിശ്ശേരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബൈബിള്‍ കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, സ്പിരിച്ചല്‍ ഷെയറിങ്, രോഗികള്‍ക്കുള്ള സൗഖ്യ ശുശ്രുഷ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ആശ്രമം സുപ്പീരിയര്‍ അറിയിച്ചു.