ഇടുക്കി: ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടനകള്‍ യോജിച്ചുള്ള പോരാട്ടത്തിനിറങ്ങണമെന്ന് കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി കറുപ്പയ്യ. കേരള സാംബവര്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി കട്ടപ്പന പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജാതി തിരിച്ചുള്ള സംവരണത്തിനാണ് ഭരണഘടന അനുമതി നല്‍കിയിട്ടുള്ളത്. അതുകൊണ്ട് ജാതി സെന്‍സസ് അടിയന്തരമായി നടപ്പാക്കണം. സംഘടനകള്‍ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം ആര്‍ രാജന്‍ അധ്യക്ഷനായി. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു മുഖ്യപ്രഭാഷണം നടത്തി. കെഎസ്എസ് ജില്ലാ സെക്രട്ടറി കെ ആര്‍ രാജന്‍, രാജു ആഞ്ഞിലത്തോപ്പില്‍, വി വി വിജയകുമാര്‍, കെ രവി, അനില്‍കുമാര്‍, രവീന്ദ്രന്‍ രാജു തുടങ്ങിയവര്‍ സംസാരിച്ചു.