ഇടുക്കി: കട്ടപ്പന സ്‌കൂള്‍ക്കവല ആശ്രമംപടി മേഖലയില്‍ മാലിന്യം തള്ളല്‍ രൂക്ഷം. കടകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യം ചാക്കുകളിലാക്കിയാണ് ഇവിടെ തള്ളുന്നത്. രാത്രിയുടെ മറവില്‍ മാലിന്യം തള്ളല്‍ രൂക്ഷമായതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ നഗരസഭ ആരോഗ്യവിഭാഗം യാതൊരുവിധ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. കുട്ടികളുടെ നാപ്കിന്‍സ് അടക്കം കുന്നുകൂടി കിടക്കുന്നതിനാല്‍ വലിയ ദുര്‍ഗന്ധമാണ് മേഖലയിലുണ്ടാകുന്നത്.
മാലിന്യം കൂടികിടക്കുന്ന സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിന് സമീപത്തുകൂടിയാണ് കട്ടപ്പനയാര്‍ ഒഴുകുന്നത്. മാലിന്യ ചാക്കുകള്‍ പലപ്പോഴും ചെന്ന് വീഴുന്നത് കട്ടപ്പനയാറിലേക്കുമാണ്. കൂടാതെ മഴ പെയ്യുന്നതോടെ കൃഷിയിടത്തില്‍ കിടക്കുന്ന മാലിന്യം കട്ടപ്പനയാറിലേക്ക് ഒഴുകിയെത്തുന്നു. ഇതോടെ നിരവധി കുടിവെള്ള സ്രോതസുകളുള്ള കട്ടപ്പനയാര്‍ മലിനമാകുന്നതിന് കാരണമാകും. മേഖലയില്‍ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. എന്നാല്‍ അധികാരികള്‍ പ്രദേശവാസികളുടെ പരാതിക്കുമേല്‍ മുഖം തിരിക്കുന്ന സമീപനമാണ് ഉണ്ടാകുന്നത് . അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധ ചെലുത്തി മേഖലയിലെ മാലിന്യം തള്ളലിന് അറുതി വരുത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.