ഇടുക്കി: ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഡോക്ടറേറ്റ് ലഭിച്ച പടമുഖം സ്‌നേഹ മന്ദിരം ഡയറക്ടര്‍ ബ്രദര്‍ വി സി രാജുവിനെ ആദരിച്ചു.സ്‌നേഹ മന്ദിരം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. തന്റെ സഹോദരി നല്‍കിയ 10 സെന്റ് സ്ഥലത്ത് ഒരു ചെറിയ ഷെഡിന്റെ ഉള്ളില്‍ 3 രോഗികളും 7 കിലോ അരിയുമായി തുടങ്ങിയ ഈ കൂട്ടായ്മ ഇന്ന് ജാതി,മത, വര്‍ണ, രാഷ്ട്രീയ ഭേദമന്യേ പാവപ്പെട്ടവര്‍ക്കും, അവശത അനുഭവിക്കുന്നവര്‍ക്കും, സമൂഹത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കുമുള്ള അഭയകേന്ദ്രമാണ്. കൂടാതെ സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്,സെന്റ് ആന്റണീസ് ബോയ്‌സ് ഹോം, സ്‌നേഹമാതാ ബാലമന്ദിരം എന്നിവയുടെ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ഗവണ്‍മെന്റിന്റെ എല്ലാവിധ അംഗീകാരങ്ങളോടും കൂടിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വി സി രാജുവിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം, സുനിത സജീവ്, ഡോളി സുനില്‍, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, ബ്രദര്‍ തോമസുകുട്ടി പുന്നൂസ്, വിജി ജോര്‍ജ്,കെ എന്‍ ജലാലുദ്ദീന്‍, മിനി സിബിച്ചന്‍, അഡ്വ. എബി തോമസ്, ജോസ് വര്‍ഗീസ്, ജിമ്മി സെബാസ്റ്റ്യന്‍, ബെന്നി തടത്തില്‍, സുരേഷ് തവളമാക്കല്‍, അനീഷ് ചേനക്കര, ഷൈനി രാജു, സ്‌നേഹ മന്ദിരം പിആര്‍ഓ ജോര്‍ജ് അമ്പഴം തുടങ്ങിയവര്‍ സംസാരിച്ചു.