ഇടുക്കി: വണ്ടിപ്പെരിയാര്‍ പട്ടാപ്പകല്‍ ചുരക്കുളം എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സ് കുത്തി തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. ചുരക്കുളം എസ്റ്റേറ്റ് അയ്യപ്പന്‍കോവില്‍ ഡിവിഷനിലെ സൂപ്പര്‍വൈസര്‍ രാജേഷിന്റെ ക്വാര്‍ട്ടേഴ്‌സിലാണ് മോഷണം നടന്നത്. ചൊവ്വാവ്ച രാവിലെയാണ് സംഭവം. രാജേഷ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ വാതിലിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശേഷം അകത്ത് കയറി നോക്കിയപ്പോള്‍ അലമാര കുത്തി തുറന്ന നിലയില്‍ കണ്ടെത്തി. വിശദമായ പരിശോധന നടത്തിയപ്പോഴാണ് രണ്ടര പവന്‍ സ്വര്‍ണവും മൂവായിരം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഈ വിവരം എസ്റ്റേറ്റ് അധികൃതരെയും വണ്ടിപ്പെരിയാര്‍ പൊലീസിനെയും അറിയിച്ചു.
സംശയാസ്പദമായ സാഹചര്യത്തില്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് ചുറ്റി തിരിഞ്ഞ് നടന്നയാളെ കുറിച്ച് വഴിയാത്രക്കാര്‍ എസ്‌റേറ്റ് അധികൃതരോട് വിവരം പറഞ്ഞിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തില്‍ ഒരാളെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതി മുമ്പും മോഷണക്കേസില്‍ അകപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തുമെന്നും വണ്ടിപ്പെരിയാര്‍ പൊലീസ് അറിയിച്ചു.