ഇടുക്കി: മൂന്നാര്‍ നല്ലതണ്ണി കല്ലാറില്‍ കാട്ടാനയാക്രമണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കല്ലാര്‍ രാജിവ് നഗര്‍ സ്വദേശി അഴകമ്മ നെറ്റകുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ അഴകമ്മയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി. ഇവരെക്കൂടാതെ കാട്ടാനയെ കണ്ട് ഭയന്നോടിയ മറ്റുരണ്ട് പേര്‍ക്കുകൂടി വീണ് പരിക്കേറ്റിട്ടുണ്ട്. നലതണ്ണി കല്ലാര്‍ മാലിന്യ പ്ലാറന്റിന് സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം. പ്ലാന്റില്‍ ജോലിക്ക് എത്തിയ തൊഴിലാളികള്‍ കാട്ടനകളുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഴകമ്മയെ ആന കൊമ്പുകൊണ്ട് ആക്രമിച്ചു. അഴകമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശേഖറിന് പരിക്കേറ്റത്. പരിക്കേറ്റവര്‍ മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ടൗണില്‍ 15 മിനിറ്റോളം റോഡ് ഉപരോധിച്ചു. കാന്തല്ലൂരില്‍ രാപ്പകല്‍ സമരം നടന്നുവരുന്നതിനിടയാണ് മൂന്നാറിലും കാട്ടാന ആക്രമണമുണ്ടായത്. കാട്ടാന അക്രമണം നിത്യ സംഭവമായിട്ടും പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ ജനകീയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് തോട്ടം തൊഴിലാളികളും വിവിധ സംഘടനകളും.