തടസവാദവുമായി വനം വകുപ്പ്: സത്രം എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തനം തുടങ്ങാനായില്ല
തടസവാദവുമായി വനം വകുപ്പ്: സത്രം എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തനം തുടങ്ങാനായില്ല

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനം ഇറക്കി രണ്ടുവര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാനായില്ല. വനം വകുപ്പിന്റെ എതിര്‍പ്പാണ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന് കാരണം. തടസവാദങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ക്കായി മന്ത്രിമാരെ സമീപിച്ചതായി വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു. എയര്‍ സ്ട്രിപ്പിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍ എത്തിയപ്പോഴാണ് അപ്രോച്ച് റോഡ് നിര്‍മാണത്തിനും മണ്‍ഭിത്തി ഇടിച്ചുനീക്കുന്നതിനും വനം വകുപ്പ് തടസവാദമായി എത്തിയത്. എന്‍സിസിയിലെ എയര്‍വിങ് കേഡറ്റുകള്‍ക്ക് പരിശീലനം നടത്താനാണ് 12 കോടി രൂപ മുടക്കി എയര്‍ സ്ട്രിപ്പ് നിര്‍മിച്ചത്. എയര്‍ സ്ട്രിപ്പിലേക്കുള്ള റോഡിലെ 400 മീറ്റര്‍ വനഭൂമിയിലൂടെയാണ് കടന്നു പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ തടസപ്പെടുത്തിയത്. കമത്ത മഴയില്‍ റണ്‍വേയുടെ ഷോള്‍ഡറിന്റെ ഒരുഭാഗം ഇടിഞ്ഞുപോയിരുന്നു. ഇത് പുനര്‍ നിര്‍മിക്കാന്‍ ആറു കോടി മുപ്പത് ലക്ഷം രൂപ എന്‍സിസി കൈമാറി. വനം വകുപ്പിന്റെ എതിര്‍പ്പു മൂലം ഇതും നിര്‍മിക്കാന്‍ സാധിച്ചില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും സത്രത്തില്‍ ഇറക്കാന്‍ കഴിയുമെന്ന് വ്യോമസേന സ്ഥിരീകരിച്ചിരുന്നു. റണ്‍വേയ്‌ക്കൊപ്പം വിമാനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള ഹാംഗര്‍, ഓഫീസ്, പരിശീലത്തിനെത്തുന്ന കുട്ടികള്‍ക്കുള്ള താമസം സൗകര്യം എന്നിവയും പൂര്‍ത്തിയാക്കിയിരുന്നു. വൈറസ് എസ്ഡബ്ല്യു 80 വിഭാഗത്തിലുള്ള നാലു വിമാനങ്ങളും അനുവദിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ തടസവാദങ്ങള്‍ നീങ്ങിയാലുടന്‍ സത്രം എയര്‍സ്ട്രിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വാഴൂര്‍ സോമന്‍ അറിയിച്ചു.
What's Your Reaction?






