ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്ത് പാലത്തിനടിയില്‍ മാലിന്യം തള്ളല്‍ രൂക്ഷമാകുന്നു. മദ്യക്കുപ്പികള്‍, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവയാണ് കൂടുതലായും ഇവിടെയുള്ളത്. ഇവിടെ മാലിന്യം ഇടുന്നതിനായി പഞ്ചായത്ത് അടിയന്തരമായി ചവറ്റുകൊട്ട സ്ഥാപിക്കണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്. ഇതോടൊപ്പം പാലത്തിനടിയില്‍ മദ്യപ സംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം വര്‍ധിച്ചു വരികയാണെന്ന് പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ചപ്പാത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം വ്യാപാരികളുടെ നേതൃത്വത്തില്‍ ശേഖരിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് നല്‍കാറുള്ളതെന്നും പെരിയാറിന്റെ തീരത്ത് മാലിന്യങ്ങള്‍ ഇടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും വ്യാപാരികള്‍ പറഞ്ഞു. ഇതോടൊപ്പം വേനല്‍ മഴയില്‍ മാലിന്യങ്ങള്‍ ഒഴുകി പെരിയാറിലേക്കെത്തുന്നത് പെരിയാറിനെ ആശ്രയിച്ചു ജീവിക്കുന്ന ആളുകള്‍ക്ക് സാംക്രമിക രോഗങ്ങള്‍ പകരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ പെരിയാറിനെ ശുദ്ധീകരിക്കാന്‍ വേണ്ട നടപടികള്‍ ആരോഗ്യ വിഭാഗം സ്വീകരിക്കണമെന്നും പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.