ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന എഇ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. എയ്ഡഡ് സ്‌കൂള്‍, കോളേജ് മേധാവികള്‍ ട്രഷറിയിലേക്ക് നേരിട്ട് നല്‍കിയിരുന്ന ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ ഇനിമുതല്‍ അധികാരികള്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുക, ധനകാര്യ വകുപ്പിന്റെ കരിനിയമം പിന്‍വലിക്കുക, ഗവ. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒരേനിയമവും തുല്യനീതിയും നടപ്പാക്കുക, പുതിയ ഉത്തരവ് ഉണ്ടാക്കുന്ന അധിക ജോലി ഭാരത്തിലേയ്ക്ക് വിദ്യാഭ്യാസ ഓഫീസുകളെ തള്ളി വിടാതിരിക്കുക, സര്‍ക്കാര്‍, എയ്ഡഡ് മേഖല വ്യത്യാസമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കുക, എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
നിരന്തര സമരത്തിലൂടെ 2013ല്‍ നേടിയെടുത്ത അവകാശം സര്‍ക്കാര്‍ പിന്‍വലിച്ചത് പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കും. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം വൈകും. പ്രഥമാധ്യാപകരും ഓഫീസ് ജീവനക്കാരും ബില്ലുകള്‍ മാറിയെടുക്കാന്‍ ദിവസങ്ങള്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വരും. ഇതോടെ പ്രഥമാധ്യാപകര്‍ക്ക് ദൈനദിന സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുമെന്നും ഭാരവാഹികള്‍ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷനായി. ദിപു ജേക്കബ്, സിജി ജെയിംസ്, സിബി കോട്ടുപ്പള്ളി, മാത്യു ജോസഫ്, ഷാര്‍ജറ്റ് ജോസ്, ബിന്ദു സെബാസ്റ്റ്യന്‍, പി എം തോമസ് എന്നിവര്‍ സംസാരിച്ചു.