വരുമാന വർധന : നേട്ടത്തിന്റെ നെറുകയിൽ കട്ടപ്പന കെ എസ് ആർ ടി സി ഡിപ്പോ
വരുമാന വർധന : നേട്ടത്തിന്റെ നെറുകയിൽ കട്ടപ്പന കെ എസ് ആർ ടി സി ഡിപ്പോ

ഇടുക്കി : പരിമിതികൾക്കുള്ളിൽ നിന്നും മികച്ച വരുമാനവുമായി കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ. മുഴുവൻ 37 സർവീസുകളിൽ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ മികച്ച ലാഭം നൽകുന്നു. ഏതാനും നാളുകൾക്കു മുമ്പ് 50% ലാഭത്തിൽ ആയിരുന്ന ഡിപ്പോ ഇപ്പോൾ 70% ലാഭത്തിലേക്ക് മാറി. കോഴിക്കോട് ആനക്കാംപൊയിൽ സർവീസ് ആണ് ഏറ്റവും അധികം ലാഭം നൽകുന്നത്. അതിനോടൊപ്പം തന്നെ പാലക്കാട്,ആനക്കട്ടി ആലപ്പുഴ തുടങ്ങിയ സർവീസുകളും മിന്നൽ സർവീസും നല്ല ലാഭത്തിൽ ഓടുന്നു. പുതുതായി ആരംഭിച്ച എറണാകുളം സർവീസും മികച്ച ലാഭമാണ് ഡിപ്പോയ്ക്ക് നൽകുന്നത്. പുലർച്ചെ കട്ടപ്പനയിൽ നിന്നും ആരംഭിച്ച് പന്ത്രണ്ടുമണിയോടെ ചെല്ലുന്ന ആലപ്പുഴ സർവീസ് വിദ്യാർഥികൾക്കും ഓഫീസ് ജോലിക്കാർക്കും വളരെ പ്രയോജനം ചെയ്യുന്നു. ഇത്തരത്തിൽ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും കൂടുതൽ പ്രയോജനം ചെയ്യപ്പെടുന്ന രീതിയിലാണ് പല സർവീസുകളും ഓടുന്നത്. പല ബസുകളും കൃത്യമായ സമയ ക്രമം പാലിക്കാൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കെഎസ്ആർടിസി സർവീസുകൾ പുലർച്ചെ സമയങ്ങളിലും രാത്രികാലങ്ങളിലും എല്ലാം പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. കൂടാതെ രണ്ട് ഇൻഡർസ്റ്റേറ്റ് ബസുകളും മികച്ച സർവീസ് നൽകുന്നു. എന്നാൽ ഇത്തരത്തിൽ വലിയ മെച്ചത്തിലൂടെ പോകുന്ന ഡിപ്പോയ്ക്ക് വെല്ലുവിളികളും നിരവധിയാണ്.
കാലപ്പഴക്കം ചെന്ന ബസുകളാണ് ഡിപ്പോ നേരിടുന്ന പ്രധാന വെല്ലുവിളി. കൂടാതെ ഡിപ്പോയിലെ സ്ഥല സൗകര്യങ്ങൾ കുറഞ്ഞതും പ്രളയ കാലത്ത് ഇടിഞ്ഞുവീണ സംരക്ഷണഭിത്തി പുനർ നിർമിക്കാത്തതും ഡിപ്പോയുടെ വികസനത്തിന് പ്രതിസന്ധിയാകുന്നു. വർക്ക് ഷോപ്പിലെ മെക്കാനിക്കൽ ഉപകരണങ്ങളുടെ അഭാവം, ബസുകളുടെ അടിയിൽ കയറി പണിയെടുക്കുന്നതിന് ആവശ്യമായ റാംമ്പ് ഉൾപ്പെടെയുള്ളവയുടെ അഭാവവും കട്ടപ്പനയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. ഇത് ജീവനക്കാർക്കും ഇരട്ടി ജോലിഭാരമാണ് നൽകുന്നത്. നിരവധി തവണ പ്രതിസന്ധികൾ അധികാരികളെ മാധ്യമങ്ങൾ വഴി അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. കൂടാതെ ഒരേ സ്ഥലങ്ങളിലേക്ക് തന്നെ അടുത്തടുത്ത സമയങ്ങളിൽ വിവിധ ഡിപ്പോകളിൽ നിന്ന് ബസുകൾ പോകുന്നത് വരുമാനത്തിൽ ഇടിവുണ്ടാക്കാൻ കാരണം ആകുന്നു. കെഎസ്ആർടിസി ഡിപ്പോയുടെ ശോച്യാവസ്ഥകളും ബസുകളുടെ കാലപ്പഴക്കങ്ങളും പരിഹരിച്ചാൽ നിലവിലെ വരുമാനത്തിൽ നിന്നും മികച്ച ലാഭത്തിലേക്ക് കടക്കാൻ സാധിക്കും. പുതിയ സർവീസുകളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം. എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ
ആപ്ലിക്കേഷൻ വഴി ബസുകളുടെ സമയക്രമം അറിയുന്നതിനും സീറ്റ് ബുക്ക് ചെയ്യുന്നതിനും സാധിക്കും.
What's Your Reaction?






