ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറ വ്യൂ പോയിന്റിലേക്കുള്ള പാത യാത്രായോഗ്യമാക്കണമെന്നാവശ്യം. കല്ലാര്‍ മാങ്കുളം റോഡിലൂടെ സഞ്ചരിച്ച് കുരിശുപാറയില്‍ നിന്നുമാണ് സഞ്ചാരികള്‍ ഇവിടേയ്‌ക്കെത്തുന്നത്. വഴിയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ ഓഫ് റോഡ് ജീപ്പുകളടക്കം ഏറെ ബുദ്ധിമുട്ടിയാണ് ഇവിടേക്കെത്തുന്നത്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമെത്തുന്ന സഞ്ചാരികള്‍ വാഹനം പാതിവഴിയില്‍ നിര്‍ത്തി ശേഷിക്കുന്ന ഭാഗം നടന്നുകയറുകയാണ് ചെയ്യുന്നത്. കോട്ടപ്പാറ വ്യൂ പോയിന്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പഞ്ചായത്ത് ചില പദ്ധതികള്‍ ആവിക്ഷ്‌ക്കരിക്കുന്നുണ്ട്. നിരവധി സഞ്ചാരികളെത്തുന്ന സാഹചര്യത്തില്‍ തകര്‍ന്ന പാത ഗതാഗതയോഗ്യമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.