നിക്ഷേപത്തുക നല്‍കാതിരിക്കാന്‍ സഹകരണ സംഘം ജീവനക്കാര്‍ ശ്രമിക്കുന്നതായി സാബു പറഞ്ഞു: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്ന് ഭാര്യ മേരിക്കുട്ടി
നിക്ഷേപത്തുക നല്‍കാതിരിക്കാന്‍ സഹകരണ സംഘം ജീവനക്കാര്‍ ശ്രമിക്കുന്നതായി സാബു പറഞ്ഞു: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്ന് ഭാര്യ മേരിക്കുട്ടി

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരി മുളങ്ങാശേരിയില്‍ സാബുവിന്റെ മരണത്തില്‍ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ഭാര്യ മേരിക്കുട്ടി. നിക്ഷേപത്തുക തിരിച്ചുകിട്ടണം. പൊലീസ് അന്വേഷണം തുടരട്ടെയെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്നും മേരിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരായ ജീവനക്കാരെ ശിക്ഷിക്കണം. ഒന്നര വര്‍ഷത്തിനിടെ പലതവണ സഹകരണ സംഘം ജീവനക്കാര്‍ അപമര്യാദയായി പെരുമാറി. മരിക്കുന്നതിന്റെ തലേദിവസം സംഘം ഓഫീസിലുണ്ടായ ജീവനക്കാരുടെ മോശമായ പെരുമാറ്റമാണ് സാബുവിനെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത്. നിക്ഷേപത്തുകയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസ തവണകളായി നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ പോകേണ്ടതിനാല്‍ 2 ലക്ഷം രൂപ ആവശ്യമായിവന്നതോടെയാണ് സംഘത്തെ സമീപിച്ചത്. എന്നാല്‍ ജീവനക്കാര്‍ പണം നല്‍കാന്‍ കൂട്ടാക്കിയില്ല. അടുത്തദിവസം സാബു വീണ്ടും ഓഫീസിലെത്തിയെങ്കിലും നിരാകരിച്ചു. പിന്നീട് മകന്‍ അവരെ സമീപിച്ചപ്പോഴാണ് 80,000 രൂപ തന്നത്. സെക്രട്ടറിയെ വിളിച്ചപ്പോള്‍ ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടാന്‍ പറഞ്ഞ് കയര്‍ത്തതായും മേരിക്കുട്ടി വെളിപ്പെടുത്തി.
അന്വേഷണ സംഘത്തെ എല്ലാ കാര്യങ്ങളും വിശദമായി ധരിപ്പിച്ചിട്ടുണ്ട്. ഫോണ്‍ വിളികളുടെ റെക്കോര്‍ഡ് ഉള്‍പ്പെടെ കൈവശമുണ്ട്. ഇവ അന്വേഷണ സംഘത്തിന് കൈമാറും. ആത്മഹത്യക്കുറിപ്പിലുള്ളവര്‍ക്കെതിരെ നടപടി ഉണ്ടാകണം. ഒരുതവണ മാത്രമാണ് കൃത്യസമയത്ത് പണം നല്‍കിയത്. ഒന്നര വര്‍ഷത്തിനിടെ നിക്ഷേപത്തുക തിരികെ കിട്ടാന്‍ നിരവധിതവണ ഓഫീസ് കയറിയിറങ്ങി. പണം നല്‍കാതിരിക്കാനാണ് ജീവനക്കാര്‍ ശ്രമിക്കുന്നതെന്നും സാബു പറഞ്ഞതായും മേരിക്കുട്ടി വെളിപ്പെടുത്തി
What's Your Reaction?






