വണ്ടിപ്പെരിയാറില്‍ കെട്ടിടത്തിന് തീപിടിച്ചു: കോടികളുടെ നഷ്ടം
വണ്ടിപ്പെരിയാറില്‍ കെട്ടിടത്തിന് തീപിടിച്ചു: കോടികളുടെ നഷ്ടം

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണിലുണ്ടായ തീപിടിത്തത്തില്‍ കെട്ടിടം കത്തിനശിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിലെ ആറ് സ്ഥാപനങ്ങള്‍ അഗ്നിക്കിരയായി. കോടികളുടെ നഷ്ടം കണക്കാക്കുന്നു. പീരുമേട്, കട്ടപ്പന, കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന യൂണിറ്റുകള്‍ചേര്‍ന്ന് രാവിലെ ആറോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പശുമല ജങ്ഷനിലെ കെആര്‍ ബില്‍ഡിങ്ങിലാണ് നാടിനെ നടുക്കിയ വന്‍ തീപിടിത്തമുണ്ടായത്. പീരുമേട്ടില്‍നിന്ന് 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ തുടങ്ങിയെങ്കിലും വെള്ളം തീര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ ശബരിമല കാന്റീന്‍ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന വെള്ളം ശേഖരിച്ച് നാട്ടുകാരും തീയണയ്ക്കാന്‍ തുടങ്ങി. വിവരമറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന, കാഞ്ഞിരപ്പള്ളി യൂണിറ്റുകള്‍ കൂടി എത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അരുള്‍ എന്റര്‍പ്രൈസസ്, അമീര്‍ സ്‌പെയര്‍ പാര്‍ട്‌സ്, സെന്റ് ആന്റണീസ് ഹോം അപ്ലയന്‍സസ്, ഗിഫ്റ്റ് ഫാന്‍സി സ്റ്റോഴ്‌സ്, ഗ്ലോറി കമ്പ്യൂട്ടര്‍ സെന്റര്‍, ചോയ്‌സ് ഡ്രൈവിങ് സ്‌കൂള്‍ ഓഫീസ് എന്നീ സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.
അഗ്നിരക്ഷാസേനാംഗങ്ങള്‍ പരിസര പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. അരുള്‍ എന്റര്‍പ്രൈസസിന്റെ ഗോഡൗണില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് തടിയും കല്ലും ഉപയോഗിച്ച നിര്‍മിച്ച കെട്ടിടമാണിത്. ഇതിനാല്‍ അഗ്നിബാധയുടെ വ്യാപ്തിയും വര്‍ധിച്ചു. തീപിടിത്തം നാട്ടുകാരെയും ഞെട്ടിച്ചു. നൂറ്റാണ്ടുകളുടെ ചരിത്രശേഷിപ്പായിരുന്ന കെട്ടിടമാണ് ഇതോടെ ഇല്ലാതായത്.
What's Your Reaction?






