വണ്ടിപ്പെരിയാര്‍ വഞ്ചിവയല്‍ ആദിവാസി നഗറിലെ അടിസ്ഥാന സൗകര്യവികസനം: അന്വേഷണസംഘം സന്ദര്‍ശനം നടത്തി
വണ്ടിപ്പെരിയാര്‍ വഞ്ചിവയല്‍ ആദിവാസി നഗറിലെ അടിസ്ഥാന സൗകര്യവികസനം: അന്വേഷണസംഘം സന്ദര്‍ശനം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ വഞ്ചിവയല്‍ ആദിവാസി നഗറിലെ അടിസ്ഥാന സൗകര്യകുറവുകളെപ്പറ്റി അന്വേഷിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് സന്ദര്‍ശനം നടത്തി. നഗറിലെ അടിസ്ഥാന സൗകര്യക്കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ഉത്തരവ് നല്‍കിയതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. റോഡ്, കുടവെള്ളം, ശൗചാലയം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നഗറില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, വാഴൂര്‍ സോമന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എം ഗണേശന്‍, സാക്ഷരത പ്രേരക് പി കെ ഗോപിനാഥന്‍ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ അരുണ്‍കുമാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഊരിലെത്തി അന്വേഷണം നടത്തിയത്. വഞ്ചിവയല്‍ അങ്കണവാടിയില്‍ നടന്ന യോഗത്തില്‍ ഊര് മൂപ്പന്‍ അജയനും അങ്കണവാടി പ്രവര്‍ത്തകരും ചേര്‍ന്ന് അടിസ്ഥാന സൗകര്യകുറവുകളും പരിഹാര മാര്‍ഗങ്ങളെപ്പറ്റിയുളള നിര്‍ദ്ദേശങ്ങളും സെക്രട്ടറിക്ക് മുമ്പില്‍ അവതരിപ്പിച്ചു. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് വഞ്ചിവയിലിലേക്കുള്ള 4 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കുടിവെള്ള പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മധുമോഹന്‍ പറഞ്ഞു. എന്നാല്‍ വൈദ്യുതി, ശൗചാലയം തുടങ്ങിയവകൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കി മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു..
What's Your Reaction?






