മിനി വാനിന്റെ നമ്പരും സ്‌കൂട്ടിയുടെ ചിത്രവുമായി മേരികുളം സ്വദേശിക്ക് പിഴ ചുമത്തി എംവിഡി
മിനി വാനിന്റെ നമ്പരും സ്‌കൂട്ടിയുടെ ചിത്രവുമായി മേരികുളം സ്വദേശിക്ക് പിഴ ചുമത്തി എംവിഡി

ഇടുക്കി: മേരികുളം സ്വദേശി ശൗര്യാംകുഴിയില്‍ ഷെറിന്‍ മാത്യുവിന് സ്വന്തം വാഹനത്തിന്റെ നമ്പരും മറ്റൊരുവാഹനത്തിന്റെ ചിത്രവുമായി പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. ഷെറിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ജീറ്റോ മിനി വാനിന്റെ നമ്പരും സ്‌കൂട്ടിയുടെ ചിത്രവുമായി നിയമലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് പെറ്റി ലഭിച്ചത്. ഷെറിന്റെ ഭര്‍ത്താവ് സന്തോഷ് മാത്യുവാണ് വാഹനം ഓടിക്കുന്നത്. ഷെറിന്റെ പേരില്‍ എത്തുന്ന ചെല്ലാനില്‍ കെഎല്‍ 37ഡി 5134 എന്ന രജിസ്‌ട്രേഷന്‍ നമ്പരില്‍ സ്‌കൂട്ടിയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തിലുള്ള സ്‌കൂട്ടിയുടെ നമ്പര്‍ വ്യക്തമല്ല. കൊടുങ്ങല്ലൂര്‍ സ്റ്റാര്‍ ജങ്ഷനില്‍ നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സലീം എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ നിരന്തരം നിയമലംഘനങ്ങള്‍ നടത്തി അന്യസംസ്ഥാനത്തേക്ക് വാഹനം ഓടിച്ചുവെന്ന് കാണിച്ച് മറ്റ് ചെല്ലാനുകളും സന്തോഷിന് ലഭിച്ചു. അതില്‍ വാഹനത്തിന്റെ ചിത്രമോ മറ്റുവിവരങ്ങളോ ഇല്ല. നിരന്തരം പെറ്റി വരുന്നതുമായി ബന്ധപ്പെട്ട് ആര്‍.ടി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കാന്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈയൊഴിയുകയാണെന്നും ജി .പി .എസ് സംവിധാനമുള്ള ഇത്തരം വാഹനങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കേണ്ടതിനുപകരം ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു. വാഹനം ടെസ്റ്റിങ്ങിനായി കൊണ്ടുചെന്നപ്പോള്‍ പിഴ അടയ്ക്കാതെ ടെസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പെറ്റി അടച്ചു. എന്നാല്‍ വീണ്ടും ഇത്തരത്തില്‍ പെറ്റി വരുന്ന സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാത്ത സാഹചര്യത്തിലാണ് സന്തോഷും കുടുംബവും.
What's Your Reaction?






