ചൂട് കൂടുന്നതോടെ സൂര്യാഘാതം ഏല്‍ക്കുന്ന കണക്കും വര്‍ദ്ധിക്കുന്നു: ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍
ചൂട് കൂടുന്നതോടെ സൂര്യാഘാതം ഏല്‍ക്കുന്ന കണക്കും വര്‍ദ്ധിക്കുന്നു: ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍

ഇടുക്കി:ചൂട് കൂടുന്നതോടെ ആളുകള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്ന കണക്കും വര്‍ദ്ധിക്കുന്നു. കട്ടപ്പന ഐറ്റിഐ ജങ്ഷന്‍ സ്വദേശി തെക്കേക്കുറ്റ് റോബിന്‍ കുര്യാക്കോസിനാണ് കയ്യില്‍ സൂര്യതാപമേറ്റത്. പ്ലംബറായ റോബിന്‍ വെള്ളിയാഴ്ച ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോകും വഴിയാണ് സംഭവം. കയ്യില്‍ നീറ്റല്‍ അനുഭവപ്പെട്ട് പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റത് റോബിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കട്ടപ്പന സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കും സൂര്യാതപമേറ്റിരുന്നു. ചൂടുകുരു,നിര്‍ജലീകരണം,സൂര്യാതാപം മൂലമുണ്ടാകുന്ന പൊള്ളല്‍,തളര്‍ച്ച, തിണര്‍പ്പ്, കോച്ചിവലിവ്, ശരീരവേദന, വിറയല്‍, ക്ഷീണം, ഉണങ്ങിവരണ്ട വായ, മൂത്രം മഞ്ഞനിറമാകുക എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.കുഴിഞ്ഞുതാണ കണ്ണുകള്‍, ഉണങ്ങി വരണ്ട ത്വക്ക്, മൂത്രതടസം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ് .സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പാക്കാന്‍ എല്ലാ പി.എച്ച്.സി., സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കാനും ഡി.എം.ഒ.മാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
What's Your Reaction?






