കല്ലാര്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് ചുറ്റും പ്രതിരോധ വേലി നിര്‍മിക്കണം
കല്ലാര്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് ചുറ്റും പ്രതിരോധ വേലി നിര്‍മിക്കണം

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് ചുറ്റും പ്രതിരോധ വേലി നിര്‍മിക്കണമെന്നാവശ്യവുമായി തൊഴിലാളികള്‍ രംഗത്ത്. നിലവില്‍ മാലിന്യം കൂടി കിടക്കുന്ന ഭാഗത്തേയ്ക്ക് പകല്‍ സമയങ്ങളില്‍ പോലും കാട്ടാനകള്‍ എത്തുന്ന സാഹചര്യമുണ്ട്. സംസ്‌കരണ കേന്ദ്രത്തിന്റെ പരിസരപ്രദേശങ്ങളില്‍ കൂടികിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ തീറ്റ തേടുന്നതിനാണ് ഇവറ്റകള്‍ എത്തുന്നത്. പകല്‍ സമയത്തുപോലും കാട്ടാനകളുടെ സാന്നിധ്യം ഭയന്നാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. മുമ്പിവിടെ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. മാലിന്യങ്ങള്‍ക്കിടയില്‍ തീറ്റ തേടുന്ന കാട്ടാനകളും മറ്റും പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് ചുറ്റും കാട്ടുമൃഗങ്ങള്‍ പ്രവേശിക്കാതെ പ്രതിരോധ വേലി നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. ഇവിടെയെത്തുന്ന കാട്ടാനകളെ പലപ്പോഴും പടക്കം പൊട്ടിച്ചാണ് തുരത്താറ്. അവശിഷ്ടങ്ങള്‍ക്കിടയിലെ ഭക്ഷണ ലഭ്യതയാണ് മൃഗങ്ങളെ ഇവിടേക്കാകര്‍ഷിക്കുന്നത്. മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് ചുറ്റും പ്രതിരോധ വേലി സജ്ജമാക്കണമെന്ന നിര്‍ദ്ദേശം മുമ്പ് വനംവകുപ്പും മുമ്പോട്ട് വച്ചിരുന്നു.
What's Your Reaction?






