ഇരട്ടിതുക നല്‍കാമെന്ന് പറഞ്ഞ് മണിയാറന്‍കുടി സ്വദേശിയില്‍ നിന്ന് 7 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഇരട്ടിതുക നല്‍കാമെന്ന് പറഞ്ഞ് മണിയാറന്‍കുടി സ്വദേശിയില്‍ നിന്ന് 7 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: മണിയാറന്‍കുടി സ്വദേശിയില്‍ നിന്ന് പണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് 7 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെകൂടി ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശിയും വര്‍ഷങ്ങളായി തമിഴ്‌നാട് ഈറോഡിന് സമീപം താമസിച്ചുവരുന്ന സിറാജുദ്ദീന്‍ (33)നാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയും തമിഴ്‌നാട് സ്വദേശിയുമായ മുരുകന്‍, ഇയാളുടെ സഹായിയായ മറ്റൊരാള്‍ക്കും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ മണിയാറന്‍കുടി സ്വദേശിയെ പരിചയപ്പെട്ട് ദിവസങ്ങള്‍ക്കുശേഷം പണം കൈമാറുന്നതിനായി മുരുകനും സഹായിയും ഇടുക്കി ചെറുതോണിയിലെത്തി ലോഡ്ജില്‍ താമസിച്ചു. എന്നാല്‍ നിശ്ചയിച്ച ദിവസം പണം ലഭിക്കാത്തതിനാല്‍ പിറ്റേന്ന് പണം തരപ്പെടുത്തുകയും പരാതിക്കാരന്റെ മണിയാറന്‍കുടിയിലെ വീട്ടിലെത്തി മുരുകനും സഹായിയും പണം തട്ടിയെടുക്കുകയുമായിരുന്നു.നോട്ടുകെട്ടുകളെന്ന് തോന്നിക്കുന്ന പേപ്പര്‍ ബണ്ടിലുകള്‍ ഒരുപെട്ടിയിലാക്കി അടച്ചുവെച്ച ശേഷം 16 മണിക്കൂറുകള്‍ക്ക് ശേഷം പണം ഇരട്ടിയാകും എന്ന് പറഞ്ഞു വിശ്വസിച്ചിച്ചു. ഇവര്‍ പോയ ശേഷം സംശയം തോന്നി പെട്ടി തുറന്നപ്പോഴാണ് പണത്തിന് പകരം തനിക്ക് ലഭിച്ചത് പേപ്പര്‍ ബണ്ടിലുകള്‍ ആയിരുന്നുവെന്ന് പരാതിക്കാരന് ബോധ്യമായത്. തുടര്‍ന്ന് ഇയാള്‍ ഇടുക്കി പൊലീസില്‍ പരാതി നല്‍കി. മുരുകനെയും സഹായിയെയും സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് സിറാജുദ്ദീന്‍ ആണ്. ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒ സന്തോഷ് സജീവ്, എസ്‌ഐ കെ പി രാജേഷ് കുമാര്‍, എഎസ്‌ഐ ജോര്‍ജുകുട്ടി, സിപിഒമാരായ അനിഷ്, ജിമ്മിച്ചന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് ഈറോഡിലുള്ള ഇയാളുടെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






