കട്ടപ്പന ഗവ. കോളേജിന് സമീപമുള്ള ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസൂരി കടത്തുന്നുവെന്ന് പരാതി
കട്ടപ്പന ഗവ. കോളേജിന് സമീപമുള്ള ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസൂരി കടത്തുന്നുവെന്ന് പരാതി

ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് കോളേജിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും നിരന്തരമായി ഫ്യൂസൂരി കടത്തുന്നുവെന്ന് പരാതി. വലിയകണ്ടം -വെള്ളിയാംകുടി റോഡിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് വയോധികനായ വ്യക്തി ഫ്യൂസൂരി ചാക്കിനുള്ളിലാക്കി കൊണ്ടുപോകുന്നത്. കഴിഞ്ഞമാസം സമാനരീതിയില്‍ മൂന്നോളം ഫ്യൂസുകള്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് പ്രദേശവാസികള്‍ക്ക് കെഎസ്ഇബിയില്‍ വിവരമറിച്ചതനുസരിച്ച് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുകയും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് വീണ്ടും കഴിഞ്ഞ ദിവസം രണ്ട് ഫ്യൂസുകളോളം ഊരി കടത്തിയത്. മാനസികാസ്വസ്ഥ്യം ഉള്ള ആളാണോ ഫ്യൂസുകള്‍ ഊരുന്നത് എന്നാണ് പ്രദേശവാസികളുടെ സംശയം. സി സി ടിവി ദൃശ്യങ്ങളില്‍ അടക്കം വയോധികന്റെ ചിത്രമാണ് ലഭിക്കുന്നത്. ഇയാള്‍ ഫ്യൂസുകള്‍ ഊരിയ ശേഷം ചാക്കിലിട്ട് ഐടിഐ ജംഗ്ഷന്‍ ഭാഗത്തേക്കാണ് നടന്നു പോകുന്നത്. നിരന്തരമായി ഫ്യൂസുകള്‍ നഷ്ടമാകുന്നതോടെ വെള്ളിയാംകുടിയിലേക്ക് അടക്കമുള്ള പല മേഖലകളിലും വൈദ്യുതി മുടങ്ങുന്നതും പതിവായിരിക്കുകയാണ്. മുന്‍പും സമാന അനുഭവമുണ്ടായിട്ടും ട്രാന്‍സ്‌ഫോര്‍മറിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന സംരക്ഷണ വലയത്തിന്റെ വാതില്‍ താഴിട്ട് പൂട്ടാത്തത് വീണ്ടും ഫ്യൂസ് ഊരിക്കൊണ്ട് പോകുന്നതിന് വഴിവെക്കുകയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും വിഷയം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം.
What's Your Reaction?






