കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് 59.54 കോടിയുടെ ബജറ്റ്: പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന നിര്‍മാണ, ആരോഗ്യ, ക്ഷീര മേഖലകള്‍ക്കും മുന്‍ഗണന
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് 59.54 കോടിയുടെ ബജറ്റ്: പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന നിര്‍മാണ, ആരോഗ്യ, ക്ഷീര മേഖലകള്‍ക്കും മുന്‍ഗണന

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന നിര്‍മാണ, ആരോഗ്യ, ക്ഷീര മേഖലകള്‍ക്കും മുന്‍ഗണന. പ്രസിഡന്റ് വി പി ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 59,54,07,137 രൂപ വരവും 59,09,14,101 രൂപ ചെലവും 44,93,036 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കുസുമം സതീഷ് അവതരിപ്പിച്ചു. ഭവന നിര്‍മാണ പദ്ധതിക്ക് 13.1 കോടി രൂപ വകയിരുത്തി. എസ്ടി വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ക്ക് 6 ലക്ഷം രൂപ ലഭിക്കും. പിഎംഎവൈ പദ്ധതിപ്രകാരം 1760 വീടുകളുടെ നിര്‍മാണത്തിന് അനുമതിയായി. കഴിഞ്ഞവര്‍ഷത്തെ ഗുണഭോക്താക്കളില്‍ 519 പേര്‍ക്ക് ആദ്യ ഗഡു വിതരണം ചെയ്തു. ബ്ലോക്കിനുകീഴിലുള്ള ഉപ്പുതറ, വണ്ടന്‍മേട് സിഎച്ച്സികള്‍ക്കായി 21.1 ലക്ഷം രൂപ ഉള്‍പ്പെടുത്തി. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നതിനും സെക്കന്‍ഡറി പാലിയേറ്റീവ് പരിചരണത്തിനും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഈ തുക ചെലവഴിക്കും. നിര്‍ധന രോഗികള്‍ക്കായി 21.1 ലക്ഷത്തിന്റെ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പാക്കും. രണ്ട് സിഎച്ച്സികളിലും മരുന്നുകള്‍ വാങ്ങാന്‍ 14 ലക്ഷം ഉള്‍പ്പെടുത്തി. ഉപ്പുതറ സിഎച്ച്സി ആധുനികവല്‍ക്കരണത്തിന് 20 ലക്ഷവും ആശുപത്രി വാര്‍ഡുകളിലെ വൈദ്യുതി കണക്ഷന്‍ നവീകരണത്തിന് 5 ലക്ഷവും ഉപ്പുതറ സിഎച്ച്സി അറ്റകുറ്റപ്പണിക്ക് 20 ലക്ഷവും വണ്ടന്‍മേട് സിഎച്ച്സിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സംരക്ഷണത്തിന് 15.36 ലക്ഷവും വകയിരുത്തി.
ക്ഷീരകര്‍ഷര്‍ക്ക് സബ്സിഡി ഇനത്തില്‍ 20 ലക്ഷവും വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിത ക്ഷീര കര്‍ഷകര്‍ക്ക് സബ്സിഡിയായി 10 ലക്ഷവും കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ 13.44 ലക്ഷവും നല്‍കും.
വനിത സംഘങ്ങള്‍ക്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ധനസഹായമായി 5 ലക്ഷവും വനിതാസംഘങ്ങളുടെ സ്ഥിരംകൃഷി ധനസഹായം പദ്ധതിയില്‍ 15 ലക്ഷവും ഉള്‍പ്പെടെ ആകെ 48.4 ലക്ഷം ഉള്‍പ്പെടുത്തി. കര്‍ഷക സംഘങ്ങളുടെ സ്ഥിരംകൃഷി ധനസഹായ പദ്ധതിക്ക് 11.5 ലക്ഷം വകയിരുത്തി. ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്ന പദ്ധതിക്കായി 19.1 ലക്ഷം രൂപ ചെലവഴിക്കും. പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് 18 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ക്ക് 3.6 ലക്ഷം രൂപ ധനസഹായം നല്‍കും.
പശ്ചാത്തല മേഖലയില്‍ റോഡ് നിര്‍മാണം, കോണ്‍ക്രീറ്റിങ്, തോട് സംരക്ഷണം, കോളനി സമഗ്ര വികസനം, സാംസ്‌കാരിക നിലയത്തിന് ഫര്‍ണിച്ചറുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കായി 1.14 കോടി രൂപ വകയിരുത്തി. കാഞ്ചിയാര്‍ ടോയ്ലറ്റ് കോംപ്ലക്സ് നവീകരണത്തിന് 2 ലക്ഷവും ടേക്ക് എ ബ്രേക്ക് വളകോട് ഒമേഗ പദ്ധതിക്ക് 18.26 ലക്ഷവും ഉള്‍പ്പെടുത്തി. 2 സിഎച്ച്സികളിലും ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ 15 ലക്ഷം രൂപ വകയിരുത്തി. സുല്‍ത്താനിയ എസ്.സി കോളനിക്ക് 25 ലക്ഷവും ആറേക്കര്‍ എസ്.സി കോളനിക്ക് 20 ലക്ഷവും കീരിമുക്ക് കോളനിക്ക് 10 ലക്ഷവും മേപ്പാറ എസ്.സി കോളനിക്ക് 8 ലക്ഷവും കല്യാണത്തണ്ട് എസ്.സി കോളനിക്ക് 10 ലക്ഷവും വകയിരുത്തി. ജനറല്‍ പര്‍പ്പസ് ഫണ്ട് വിഭാഗത്തില്‍ 88.67 ലക്ഷവും വിനിയോഗിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ 15 കോടിയും വകയിരുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോണ്‍സണ്‍, ബ്ലോക്ക് സെക്രട്ടറി ബേബി രജനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






