കൊച്ചറ ആനപ്പാറയില്‍ പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി: ഗവേഷണം നടത്തിയത് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍
കൊച്ചറ ആനപ്പാറയില്‍ പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി: ഗവേഷണം നടത്തിയത് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ കൊച്ചറയ്ക്ക് സമീപം ആനപ്പാറയില്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തിയ പുരാവസ്തു ഗവേഷണത്തില്‍ 2000 മുതല്‍ 2500 വര്‍ഷം വരെ പഴക്കമുള്ള പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി. ആദിമമനുഷ്യര്‍ താമസിക്കാനായി നിര്‍മിച്ചതെന്നുകരുതുന്ന നിര്‍മിതികള്‍, കറുപ്പ് (ബ്ലാക്ക് വെയര്‍), ചുവപ്പ് (കോഴ്‌സ് റെഡ് വെയര്‍), ചുവപ്പ്-കറുപ്പ് (ബ്ലാക്ക് ആന്‍ഡ് റെഡ് വെയര്‍), ചുവപ്പില്‍ വെള്ള വരകളോട് കൂടിയ (റെസ്റ്ററ്‌കോട്ടഡ് പൈന്റഡ് വെയര്‍) മണ്‍പാത്രങ്ങള്‍, ടെറക്കോട്ട ഡിസ്‌കുകള്‍, ഇരുമ്പു ഉല്‍പാദനത്തെ സൂചിപ്പിക്കുന്ന ഇരുമ്പയിര്(അയണ്‍ ഓര്‍), ക്രൂസിബിള്‍, ഇരുമ്പ് ഉല്‍പാദന ഘട്ടത്തില്‍ ഉണ്ടാകുന്ന വിവിധ അവശിഷ്ടങ്ങള്‍(അയണ്‍ പ്രില്‍, അയണ്‍ സ്ലാഗ്) തുടങ്ങിയവ കണ്ടെത്തി. ഇവയ്ക്ക് പുറമേ കാര്‍ണീലിയന്‍, ബാന്‍ഡഡ് ആഗേറ്റ്, ഇന്‍ഡോ-പസഫിക് ഗ്ലാസ് മുത്തുകള്‍, ഇരുമ്പില്‍ നിര്‍മിച്ച വിവിധ തരം അമ്പ് മുനകള്‍, കത്തികള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ പ്രകാരം ആനപ്പാറ പ്രാചീന ചരിത്രകാല (ഏര്‍ലി ഹിസ്റ്റോറിക്) മനുഷ്യവാസത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകര്‍.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ 2024 ഡിസംബര്‍ 3 മുതല്‍ ഫെബ്രുവരി 28 വരെയാണ് ഖനനം നടത്തിയതെന്ന് കെസിഎച്ച്ആര്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. ദിനേശന്‍ വി. അറിയിച്ചു. കേരളത്തിലെ മഹാശിലായുഗ സംസ്‌കാരവുമായി ബന്ധപ്പെട്ട് നിരവധി പുരാവസ്തുക്കള്‍ മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യവാസത്തെ സംബന്ധിച്ച നേരിട്ടുള്ള തെളിവുകള്‍ ഒന്നുംതന്നെ മുമ്പ് കണ്ടെത്തിയിരുന്നില്ല. അതിനാല്‍ ആനപ്പാറയിലെ കണ്ടെത്തലുകള്‍ കേരള ചരിത്രത്തില്‍ ഏറെ പ്രാധാന്യമാര്‍ഹിക്കുന്നു. ഇത് കേരളത്തിലെ പുരാവസ്തു പഠനത്തില്‍ പുതിയ ദിശാസൂചനകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി നിവാസിയും 'ഇടുക്കി ചരിത്ര രേഖകള്‍' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ ടി. രാജേഷ് ആണ് ആനപ്പാറയെക്കുറിച്ച് ആദ്യമായി വിവരം നല്‍കിയത്. മഹാശിലായുഗ സംസ്‌കാരവുമായി ബന്ധപ്പെട്ട് ആനപ്പറയുടെ സമീപ പ്രദേശങ്ങളായ ചെല്ലാര്‍ക്കോവില്‍, രാജക്കണ്ടം, ഞാറക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ ധാരാളം ശവകുടീരങ്ങളും കല്ലറകളും കണ്ടെത്തിയിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായി വളരെയധികം പ്രത്യേകതയുള്ള പ്രദേശമാണ് ആനപ്പാറ. ഭൂശാസ്ത്രീയ ഘടനയും ജലസേചന സംവിധാനങ്ങളും മനുഷ്യവാസത്തിന് അനുകൂലമായിരുന്നുവെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു. തെക്കു നിന്നും വടക്കോട്ടു നീണ്ടു നില്ക്കുന്ന പരന്ന വലിയ പാറയും അതിന്റെ തുടര്‍ച്ചയായുള്ള ചരിഞ്ഞ പ്രദേശത്തുമാണ് പുരാവസ്തു അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കേരളത്തിലെ മഹാശിലായുഗ ശവകുടീരങ്ങളും മറ്റ് പുരാവസ്തു അവശിഷ്ടങ്ങളും കൂടുതല്‍ ഗവേഷണം നടത്തി രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കാനുള്ള നടപടികള്‍ കെസിഎച്ച്ആര്‍ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ ഡോ. ദിനേശന്‍ വടക്കിനിയില്‍ വ്യക്തമാക്കി.
കെസിഎച്ച്ആറിലെ റിസര്‍ച് ഓഫീസര്‍ ഡോ. ദിനീഷ് കൃഷ്ണന്‍, തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സെല്‍വകുമാറിന്റെയും നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 20ലേറെ പുരാവസ്തു ഗവേഷകര്‍ പങ്കെടുത്തു.
What's Your Reaction?






