ആദിവാസി മേഖലകളിലെ ഗര്‍ഭിണികള്‍ക്ക് അടിമാലിയില്‍ താമസ സൗകര്യമൊരുക്കും: ആരോഗ്യമന്ത്രിയുടെ വാഗ്ദാനം പ്രഖ്യാപനത്തില്‍ മാത്രം
ആദിവാസി മേഖലകളിലെ ഗര്‍ഭിണികള്‍ക്ക് അടിമാലിയില്‍ താമസ സൗകര്യമൊരുക്കും: ആരോഗ്യമന്ത്രിയുടെ വാഗ്ദാനം പ്രഖ്യാപനത്തില്‍ മാത്രം

ഇടുക്കി: ഇടമലക്കുടി, കുറത്തിക്കുടി അടക്കമുള്ള ആദിവാസ മേഖലകളില്‍നിന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ നടപടി പ്രഖ്യാപനത്തിലൊതുങ്ങുന്നു. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുര്‍ഘട പാതയിലൂടെ മണിക്കൂറുകള്‍ യാത്ര ചെയ്താണ് ഇവര്‍ ആശുപത്രിയില്‍ എത്തുന്നത്. വഴിമധ്യേ കാട്ടാനയടക്കം വന്യമൃഗങ്ങളേയും ഭയക്കണം. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരുന്നു വിദൂര ആദിവാസി ഇടങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികള്‍ക്ക് പ്രസവമടുക്കുന്ന സമയം ആശുപത്രിക്ക് സമീപം താമസിക്കാനും ചികിത്സ തേടാനും സൗകര്യമൊരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് കുറത്തിക്കുടിയിലെ ദമ്പതികളുടെ നവജാത ശിശു ജനിച്ച ശേഷം ഉടന്‍ മരണപ്പെട്ടിരുന്നു. യുവതിക്ക് ചികിത്സ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട് വിവിധ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. മുമ്പ് കുറത്തിക്കുടിയില്‍നിന്ന് പുറപ്പെട്ട ഗര്‍ഭിണി വിരിപാറക്ക് സമീപം വഴിമധ്യേ കുഞ്ഞിന് ജന്മം നല്‍കിയ സംഭവവും ഉണ്ടായിട്ടുണ്ട്. മറയൂര്‍, വട്ടവട പഞ്ചായത്തുകളിലെ ഉള്‍മേഖലകളിലുള്ള ആദിവാസി ഇടങ്ങളില്‍ നിന്നടക്കം ആളുകള്‍ പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്ക് അടിമാലി താലൂക്കാശുപത്രിയില്‍ എത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യങ്ങളിലാണ് ആദിവാസി ഇടങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികള്‍ക്ക് ആശുപത്രിക്ക് സമീപം പ്രസവമടുക്കുന്ന സമയം താമസിക്കുവാന്‍ സ്ഥലസൗകര്യമൊരുക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
What's Your Reaction?






