കൊല്ലം റോസ്മലയില്‍ പുതിയ ഇനം പായല്‍ കണ്ടെത്തി: ഗവേഷണം നടത്തിയത് ഡോ.ജയലക്ഷ്മി പി.എസും ഫാ. ജോസ് ജോണും
കൊല്ലം റോസ്മലയില്‍ പുതിയ ഇനം പായല്‍ കണ്ടെത്തി: ഗവേഷണം നടത്തിയത് ഡോ.ജയലക്ഷ്മി പി.എസും ഫാ. ജോസ് ജോണും

ഇടുക്കി: കൊല്ലം ജില്ലയിലെ റോസ്മലയില്‍ നിന്ന് ഒരു പുതിയ ഇനം പായല്‍ കണ്ടെത്തി. ശുദ്ധജല ആവാസ വ്യവസ്ഥകളില്‍ മാത്രം കാണുന്ന ഫ്രഷ് വാട്ടര്‍ റെഡ് ആല്‍ഗെ വിഭാഗത്തിലെ ഷിത്തിയ ജീനസില്‍ ഉള്‍പ്പെടുന്ന സസ്യമാണ് കണ്ടെത്തിയത്. 'ഷിത്തിയ റോസ്മലയന്‍സിസ്' എന്നാണ് പായലിന് ഗവേഷകര്‍ നല്‍കിയ ശാസ്ത്രീയ നാമം. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജയലക്ഷ്മി പി.എസ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ.ജോസ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഷിത്തിയയുടെ ജനുസില്‍ ഇന്ത്യയില്‍ നിന്ന് ഹിമാലയത്തില്‍ മാത്രമാണ് മറ്റൊരു ആല്‍ഗെ ഇതിനുമുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഗവേഷണ ഫലങ്ങള്‍ അമേരിക്ക ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫയ്‌ക്കോളജിക്കല്‍ സൊസൈറ്റിയുടെ ജേര്‍ണല്‍ ആയ ഫയ്ക്കോളജിയയില്‍ പ്രസിദ്ധീകരിച്ചു. കുമനോവ ചൗഗ്ലെയി, കുമനോവ പെരിയാറെന്‍സിസ്, മാക്രോസ്‌പൊറോഫയ്ക്കോസ് സഹ്യാദ്രിക്കസ് - എന്നിങ്ങനെ പേരുകള്‍ നല്‍കിയിട്ടുള്ള മൂന്ന് സസ്യങ്ങള്‍ക്കൂടി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. കോതമംഗലം, കുട്ടമ്പുഴ, ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നുമായാണ് ഇവര്‍ ഇവ കണ്ടെത്തിയത്. ഇവയിലെല്ലാം ഡിഎന്‍എ ബാര്‍കോഡിങ് നടത്തുകയും അവയുടെ ഫലങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മാക്രോസ്‌പൊറോഫയ്ക്കോസ് എന്ന ജീനസ് തന്നെ ലോകത്തില്‍ ആദ്യമായി കണ്ടെത്തിയതും ഈ ഗവേഷകര്‍ ആണ്. ഇത്തരം അപൂര്‍വ്വ ഇനം പായലുകളില്‍ ഇന്ത്യയില്‍ തന്നെ വിരലില്‍ എണ്ണാവുന്ന ഗവേഷകര്‍ മാത്രമാണ് പഠനം നടത്തി വരുന്നത്. അതിനാല്‍ തന്നെ പശ്ചിമഘട്ടത്തില്‍ നിന്നും ഇവയെ സംബന്ധിച്ച ഗവേഷണങ്ങള്‍ വിരളമാണ്. ഈ സസ്യ വിഭാഗം ശുദ്ധജലത്തില്‍ മാത്രം കാണപ്പെടുന്നതിനാല്‍ ഇവയെ സംബന്ധിച്ച വിവരങ്ങള്‍ പരിസ്ഥിതി അവലോകന പഠനങ്ങള്‍ക്ക് സഹായകമാണന്ന് ഗവേഷകര്‍ പറയുന്നു. പുതിയ ഇനത്തിലുള്ള പായല്‍ കണ്ടെത്തിയ ഡോ. ജയലക്ഷ്മി, ഫാ.ഡോ ജോസ് ജോണ്‍ എന്നിവരെ എം. എ. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, അധ്യാപക- അനധ്യാപകര്‍ എന്നിവര്‍ അഭിനന്ദിച്ചു.
What's Your Reaction?






