ഇടുക്കി: ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിന് വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ജീവന്‍ പണയം വെച്ച് നടത്തുന്ന മയക്കുവെടി സാഹസം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വന്ന കടുവയെ വെടിവെച്ച് വീഴ്ത്തി ഉദ്യോഗസ്ഥ സംഘത്തിന്റെ ജീവന്‍ രക്ഷിച്ച ഉദ്യോഗസ്ഥ നടപടിയെ അഭിനന്ദിക്കുകയാണ്. ജീവന് ഭീഷണിയാക്കുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ വന്യമൃഗങ്ങളെ വെടിവയ്‌ക്കേണ്ടി വരുമെന്ന യാഥാര്‍ഥ്യം സര്‍ക്കാരിന് മനസിലായി കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാമ്പിയില്‍ ഇന്ന് വന്യമൃഗത്തെ വെടിവെച്ചത് ഉദ്യോഗസ്ഥനായതുകൊണ്ട് സര്‍ക്കാര്‍ അനന്തര നടപടിക്ക് പോയില്ല. സാധാരണ പൗരനായിരുന്നുവെങ്കില്‍ അവന്‍ ഇന്ന് ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നു. എത്ര ദിവസം കഴിഞ്ഞാണ് പുറംലോകം കാണാന്‍ സാധിക്കുന്നതെന്ന് പറയുവാന്‍ കഴിയില്ല. അയാളും കുടുംബവും അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളുടെ ഭീകരത ഊഹിക്കാവുന്നതേയുള്ളൂ. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ ഉടനടി വെടിവെക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കണം. അനുമതിക്ക് കാത്തിരുന്നാല്‍ മനുഷ്യ ജീവന് അപായം ഉണ്ടാകും. മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും ജില്ലയില്‍ നിന്നുമുള്ള മന്ത്രി റോഷി അഗസ്റ്റിനും വിവേകത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികള്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ മുമ്പില്‍സമരം ചെയ്ത് ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന നടപടി ഉപേക്ഷിച്ച് സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദം ചെലുത്തി വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുവാന്‍ തയ്യാറാകണമെന്നും ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.