മാലിന്യവാഹിയായി കട്ടപ്പനയാർ

മാലിന്യവാഹിയായി കട്ടപ്പനയാർ

Mar 19, 2025 - 00:08
 0
മാലിന്യവാഹിയായി കട്ടപ്പനയാർ
This is the title of the web page

ഇടുക്കി: കട്ടപ്പനയാറിലെ ജലം മലിനമായതോടെ തീരദേശവാസികള്‍ ആരോഗ്യഭീഷണിയില്‍. നഗരത്തിനുള്ളിലെ വിവിധ കൈത്തോടുകള്‍ ഒന്നിച്ചാണ് കട്ടപ്പനയാറായി ഒഴുകുന്നത്. ഈ കൈത്തോടുകളിലേയ്ക്ക് വലിയ തോതില്‍ മാലിന്യം ഒഴുക്കുന്നുണ്ട്. നഗരത്തിലെ പ്രമുഖ ഹോട്ടലുകളും ആശുപത്രികളും സര്‍വീസ് സെന്ററുകളില്‍ നിന്നുമൊക്കെയാണ് ഇത്തരത്തില്‍ മാലിന്യം  ഒഴുക്കുന്നത്. വിവിധ തോട്ടങ്ങളില്‍ നിന്ന് വിഷാംശം കലര്‍ന്ന ജലാംശവും തോടുകളിലേക്ക് എത്തുന്നുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിന്റെ സമീപം മുതലേ ജലത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. തുടര്‍ന്ന് ഏതാനും ദൂരം കൂടി പിന്നിടുന്നതോടെ  ജലത്തിന് നിറവ്യത്യാസവും അനുഭവപ്പെട്ടുതുടങ്ങും. തുടര്‍ന്ന് കലങ്ങിയ  രൂപത്തിലാണ് മലിനജലമാണ് കട്ടപ്പനയാറായി ഒഴുകുന്നത്. ശുചിമുറി മാലിന്യമടക്കം ആറ്റിലൂടെ  ഒഴുകുന്നതോടെ തീരദേശത്തുള്ളവര്‍ വലിയ ആരോഗ്യ ഭീഷണിയിലാണ്. പകര്‍ച്ചവ്യാധി സാധ്യതകള്‍ കണക്കിലെടുത്ത് പ്രദേശവാസികള്‍ നഗരസഭയില്‍ വിവരമറിയിച്ചെങ്കിലും  ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ല. പരാതിയില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം ആറിന്റെ വശങ്ങളിലൂടെ  ബ്ലീച്ചിംഗ് പൗഡര്‍  വിതറുക മാത്രമാണ് ആരോഗ്യ വിഭാഗം ചെയ്തതെന്നും ആരോപണമുണ്ട്. മാലിന്യം കുമിഞ്ഞു കൂടുന്നതോടെ പലപ്പോഴും നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്ത് അവ നീക്കം ചെയ്യുകയാണ് പതിവ്. ജലം മലിനമായതോടെ ഇത് നിരവധി കുടിവെള്ള പദ്ധതികളെയും അവതാളത്തിലാക്കി. കട്ടപ്പന അമ്പല കവല മുതല്‍ അഞ്ചുരുളി വരെയുള്ള ഭാഗങ്ങളില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ ആണുള്ളത്. കൂടാതെ നിരവധി ആളുകളാണ് വീട്ടാവശ്യങ്ങള്‍ക്കും മറ്റും ഇ ജലത്തെ ആശ്രയിക്കുന്നത്. ജലത്തിലെ ബാക്ടീരിയ അളവ് വര്‍ദ്ധിക്കുന്നതിനാല്‍  മത്സ്യ സമ്പത്തും ഇല്ലാതെയായി. ഇത് ജലം കൂടുതല്‍ മലിനപ്പെടുന്നതിനും കാരണമാകുന്നു. കൃഷിക്ക് ഉള്‍പ്പെടെ ജലം ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കട്ടപ്പനയുടെ ജീവരേഖയായിരുന്ന കട്ടപ്പനയാര്‍ ഇപ്പോള്‍ നഗരത്തിന്റെ മാലിന്യ ചാലായി മാറി എന്നതിന്റെ നേര്‍ക്കാഴ്ചയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നും കാണാനാകുന്നത്. വേനല്‍ മഴ അടക്കം ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ മലിന ജലം വീണ്ടും ഒഴുകിയെത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകും. മലിനീകരണം നടത്തുന്ന ആളുകളെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow