കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ നിലച്ചു: രോഗികള്‍ക്ക് ദുരിതം
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ നിലച്ചു: രോഗികള്‍ക്ക് ദുരിതം

ഇടുക്കി: തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ഏക ആശ്രയമായ കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ നിലച്ചു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവില്ലെങ്കിലും ഐപി വിഭാഗം പ്രവര്‍ത്തിക്കാത്തത് ആളുകളെ ബുദ്ധിമുട്ടിക്കുകയാണ്. വിഷയത്തില്‍ അടിയന്തര നടപടിവേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആരോഗ്യമന്ത്രി, ഡിഎംഒ എന്നിവര്‍ക്ക് പരാതി നല്‍കി.
കാഞ്ചിയാര്‍, അഞ്ചുരുളി, കോവില്‍മല മേഖലകളിലെ ആദിവാസി കുടുംബങ്ങളും കര്‍ഷകരും തൊഴിലാളികളും ചികിത്സയ്ക്കായി എത്തുന്നത് ഇവിടെയാണ്. കിടത്തിചികിത്സയില്ലാത്തതിനാല്‍ എല്ലാദിവസവും വാഹനങ്ങളില്‍ ആശുപത്രിയിലെത്തി മരുന്നുകള്‍ വാങ്ങി മടങ്ങുന്നു. ദിവസവും ആശുപത്രിയിലെത്താന്‍ യാത്രാക്കൂലിയായി വന്‍തുക ചെലവാകുന്നു. മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
നിലവില്‍ 5 ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും കിടത്തി ചികിത്സയില്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിലും കുറവില്ല. ആരോഗ്യരംഗത്ത് നിരവധി അംഗീകാരങ്ങള്‍ കുടുംബാരോഗ്യകേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. അടിയന്തരമായി കിടത്തിചികിത്സ പുനരാരംഭിക്കാത്തപക്ഷം സമരം ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ മണ്ണാഞ്ചേരി പറഞ്ഞു.
What's Your Reaction?






