മാനത്ത് വര്‍ണക്കൂടാരം ഒരുക്കി ഗ്ലൈഡര്‍മാര്‍: വാഗമണ്ണില്‍ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ തുടങ്ങി
മാനത്ത് വര്‍ണക്കൂടാരം ഒരുക്കി ഗ്ലൈഡര്‍മാര്‍: വാഗമണ്ണില്‍ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ തുടങ്ങി

ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ചേര്‍ന്ന് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് തുടക്കമായി. 6 വിഭാഗങ്ങളിലെ മത്സരങ്ങളില്‍ 11 വിദേശ രാജ്യങ്ങളില്‍നിന്നുള്ള 49 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നു. 15 വിദേശ താരങ്ങളും മത്സരിക്കും.
പാരാഗ്ലൈഡിങ് ആക്യുറസി ഓവറോള്‍, പാരാഗ്ലൈഡിങ് ആക്യുറസി വിമന്‍, പാരാഗ്ലൈഡിങ് ആക്യുറസി ടീം, പാരാഗ്ലൈഡിങ് ആക്യുറസി ഇന്ത്യന്‍ ഓവറോള്‍, പാരാഗ്ലൈഡിങ് ആക്യുറസി ഇന്ത്യന്‍ വിമന്‍, പാരാഗ്ലൈഡിങ് ആക്യുറസി ജൂനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ആദ്യ 3 സ്ഥാനക്കാര്‍ക്ക് യഥാക്രമം 1.5 ലക്ഷം, ഒരുലക്ഷം, 50,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.
വാഗമണില്‍നിന്ന് 4 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് മത്സരങ്ങള്‍. 3000 അടി ഉയരത്തില്‍ 10 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈസ്ഥലം ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും അനുയോജ്യമാണ്.
സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വണ്‍ അഡ്വഞ്ചര്‍ പ്രതിനിധി വിനില്‍ തോമസ്, പാരാഗ്ലൈഡിങ് കോഴ്‌സ് ഡയറക്ടര്‍ വിജയ് സോണി തുടങ്ങിയവര്‍ പങ്കെടുത്തു. ശനിയാഴ്ച സമാപന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും. ഫെഡറേഷന്‍ ഓഫ് എയ്‌റോനോട്ടിക് ഇന്റര്‍നാഷണല്‍, എയ്‌റോ ക്ലബ് ഓഫ് ഇന്ത്യ എന്നിവരുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
What's Your Reaction?






