മൂന്നാര്‍ ജുമാമസ്ജിദിന്റെ ഔഷധക്കഞ്ഞി വിതരണത്തിന് 116 വയസ്
മൂന്നാര്‍ ജുമാമസ്ജിദിന്റെ ഔഷധക്കഞ്ഞി വിതരണത്തിന് 116 വയസ്

ഇടുക്കി: നോമ്പുകാലങ്ങളില്‍ മൂന്നാറിലെത്തുന്നവരെ കാത്തിരിക്കുന്നത് പ്രകൃതിയുടെ തണുപ്പ് മാത്രമല്ല ഒരു നൂറ്റാണ്ടായി തുടര്‍ന്നുവരുന്ന അന്നദാനത്തിന്റെ പുണ്യം കൂടിയാണ്. 116 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൂന്നാര്‍ ജുമാമസ്ജിദിന്റെ നേതൃത്വത്തില്‍ ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങള്‍, കൊച്ചി, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളില്‍ നിന്നുമായി വ്യാപാരത്തിനായി മൂന്നാറിലെത്തിയ മുസ്ലിം വിശ്വാസികളാണ് അന്നത്തെ കാലത്തെ കൊടുംതണുപ്പിനെ പ്രതിരോധിക്കാന്‍ ഔഷധക്കഞ്ഞി നോമ്പുതുറക്കായി ഉണ്ടാക്കി തുടങ്ങിയത്. ഉലുവയും വെളുത്തുള്ളിയും ജീരകവും ചേര്‍ത്ത പ്രത്യേക കഞ്ഞിയാണ് വിതരണം ചെയ്യുന്നത്. കാലം പിന്നിട്ടപ്പോള്‍ മൂന്നാറിലെ വ്യാപാരികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമൊക്കെ ഔഷധക്കഞ്ഞി പ്രിയപ്പെട്ടതായി മാറി. കോവിഡ് കാലത്ത് മാത്രമാണ് കഞ്ഞി വിതരണം മുടങ്ങിയത്. ഉച്ചയ്ക്ക് മുമ്പ് തന്നെ കഞ്ഞി തയ്യാറാക്കല്‍ തുടങ്ങും. ദിവസവും 300 പേര്‍ക്കാണ് കഞ്ഞി തയ്യാറാക്കുക. ഇതില്‍ 100 ലേറെ പേര്‍ ഇതരമത വിശ്വാസികളാണെന്ന് കാല്‍ നൂറ്റാണ്ടായി ഔഷധക്കഞ്ഞി തയാറാക്കുന്നതിന് നേതൃത്വം നല്‍കുന്ന സിന്ത മുതാര്‍ മൈതീന്‍ പറയുന്നു. വൈകീട്ട് 5ന് മുമ്പ് കഞ്ഞി തയാറാകും. ചീഫ് ഇമാം ആഷിഖ് മൗലവി, ജമാഅത്ത് പ്രസിഡന്റ് കാദര്‍ കുഞ്ഞ് റാപ്‌സി, വൈസ് പ്രസിഡന്റ് കരീം, ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, മുഹമ്മദ് ഹാറൂണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് മസ്ജിദില്‍ നോമ്പ് തുറയും മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നത്.
What's Your Reaction?






