തട്ടിപ്പ് നടത്തിയെന്ന മകന്റെ പരാതിയില്‍ മാതാവിനെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു
തട്ടിപ്പ് നടത്തിയെന്ന മകന്റെ പരാതിയില്‍ മാതാവിനെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: സൈനികനായ മകന്റെ പരാതിയില്‍ മാതാവിനെ തട്ടിപ്പ് കേസില്‍ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചന്‍കാനം പഴയചിറയില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്. ബിന്‍സിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പില്‍ അംബികയും അറസ്റ്റിലായി. ബിന്‍സിയുടെ മകള്‍ മീരയുടെ 10 പവനും മരുമകള്‍ സന്ധ്യയുടെ 14 പവന്‍ സ്വര്‍ണവും മോഷ്ടിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെന്ന് കാണിച്ച് മകന്‍ അഭിജിത്താണ് പരാതി നല്‍കിയത്. തട്ടിയെടുത്ത പണം ആഭിചാരക്രിയകള്‍ക്കായി ഉപയോഗിച്ചുവെന്നും പരാതിയുണ്ട.് ബിന്‍സി വര്‍ഷങ്ങള്‍ക്ക് മുമ്പും സമാന രീതിയില്‍ തട്ടിപ്പ് നടത്തി ഒളിവില്‍ പോയിരുന്നു. തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയം സഹായ സംഘങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പയായും ലക്ഷങ്ങള്‍ കൈക്കലാക്കിയിരുന്നു. തട്ടിയെടുത്ത പണം എന്തു ചെയ്‌തെന്നറിയാന്‍ മക്കളും ഭര്‍ത്താവ് ജോസും പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും സ്വര്‍ണ്ണം എടുത്തത് സമ്മതിക്കുകയോ മറ്റുരീതിയില്‍ കൈപ്പറ്റിയ പണം എങ്ങനെ ചെലവഴിച്ചെന്നു പറയാനോ ബിന്‍സി തയ്യാറായില്ല. നാട്ടില്‍ നിന്ന് തട്ടിയെടുത്ത പണം തിരികെ ചോദിച്ച് ആളുകള്‍ വീട്ടില്‍ വന്നു. ഇതിനെ തുടര്‍ന്ന് ബിന്‍സി തങ്കമണിയില്‍ നിന്ന് ഉപ്പുതറയിലുള്ള മാതാവിന്റെ അടുത്തേയ്ക്ക് സ്ഥലം മാറിയിരുന്നു. ഇവിടെ അന്വേഷിച്ചെത്തിയ ഭര്‍ത്താവും ബിന്‍സിയുടെ മാതാവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മാതാവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മകന്റെ ഭാര്യയെ ചായയില്‍ ഗുളിക കലക്കി കൊടുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ഇതിന് ബിന്‍സിയെ സഹായിച്ചത് സുഹൃത്തായിരുന്നു. മൊബൈല്‍ ചാറ്റിങ്ങില്‍ സുഹൃത്ത് ബിന്‍സിയോട് നിര്‍ദേശിക്കുന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും ലഭ്യമായിട്ടുണ്ട്. തട്ടിയെടുത്ത പണം ആഭിചാരക്രിയകള്‍ക്കായി ഉപയോഗിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീട്ടില്‍ നിന്ന് വിവിധ മത ചിഹ്നങ്ങളടങ്ങിയ തകിടും മറ്റും പൊലീസ് കണ്ടെടുത്തു. ഒളിവില്‍ പോയ ബിന്‍സി മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പില്‍ അംബികയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച വണ്ടിപ്പെരിയാറിലുള്ള മന്ത്രവാദിയുടെ അടുത്തെത്തിയതായി രഹസ്യ വിവരം ലഭിച്ച തങ്കമണി പൊലീസ് ഇന്‍സ്‌പെക്ടര്‍ എബിയും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിന്‍ കുറ്റം സമ്മതിച്ചെങ്കിലും പണം എങ്ങനെ ചിലവഴിച്ചെന്ന് പൂര്‍ണമായും സമ്മതിച്ചിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളന്ന് പൊലീസ് പറഞ്ഞു. എസ്‌സിപിഓ സുനില്‍കുമാര്‍, സിപിഓ പ്രിനീത പി, ജിതിന്‍ അബ്രാഹം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?






