ഇരട്ടയാര്‍ പഞ്ചായത്തിന് 27.83 കോടിയുടെ ബജറ്റ്
ഇരട്ടയാര്‍ പഞ്ചായത്തിന് 27.83 കോടിയുടെ ബജറ്റ്

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് ബജറ്റില്‍ പഞ്ചായത്തിന്റെ സമഗ്രവികസനം, ടൂറിസം, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് മുന്‍ഗണന. 27,83,25,450 രൂപ വരവും 27,12,79,428 രൂപ ചെലവും 7,04,622 മുച്ചവുമുള്ള ബജറ്റ് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് രജനി സജി അവതരിപ്പിച്ചു. അടയാളക്കല്ല്, ഇരട്ടയാര്‍ ഡാം സൈറ്റ് തുടങ്ങിയ മേഖലകളിലെ പ്രകൃതിരമണീയത പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികള്‍ അടക്കം ബജറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. സുസ്ഥിര മാലിന്യ സംസ്‌കരണത്തില്‍ ഇരട്ടയാര്‍ മോഡല്‍ എന്ന തലക്കെട്ടില്‍ മാലിന്യസംസ്‌കരണ രംഗത്തെ വിജയഗാഥ രാജ്യത്തിന്റെ പരമോന്നത സര്‍വേ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചതും 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി എന്ന നേട്ടവും തുടങ്ങി ഒരുപിടി അംഗീകാരങ്ങളുടെ നിറവിലാണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്തിന്റെ 2025- 26 വര്‍ഷത്തെ പ്രതീക്ഷിത നികുതി തനത് വരുമാനം പൊതുആവശ്യകത ഫണ്ട് കൂടി കൂട്ടിയാല്‍ 1,99,81,785 രൂപയും നികുതി ഇതര വരുമാനം 34,97,720 രൂപയുമാണ്. ആകെ തനത് വരുമാനം 2,34,79,505 രൂപാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പഞ്ചായത്തിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും വസ്തു നികുതി പരിഷ്‌കരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മെയ്‌ന്റെനന്‍സ് ഗ്രാന്‍ഡ് റോഡ് ഫണ്ടിനത്തില്‍ 1,82,72,000 രൂപയും വികസന ഫണ്ട് ജനറലായി 1,64,58,000 രൂപയും ആണ് പ്രതീക്ഷിക്കുന്നത്. ഉല്‍പാദന മേഖലയില്‍ 90,44,350 രൂപ വകയിരുത്തിയിട്ടുണ്ട് . വിദ്യാഭ്യാസമേഖലയ്ക്ക് 39,21,650 രൂപയും സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നിവയ്ക്ക് 11,5000 രൂപയും ഭവന നിര്‍മാണത്തിന് 4.50 കോടി രൂപയും വകയിരുത്തിട്ടുണ്ട്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ടമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സണ്‍ വര്‍ക്കി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെയ്‌നമ്മ ബേബി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സുകുമാരന്‍ , സെക്രട്ടറി ബി ധനേഷ്, മറ്റ് പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






