മാങ്കുളം മാങ്ങാപ്പാറക്കുടിയിലെ കുടുംബങ്ങള്‍ക്ക് യാത്രാദുരിതം: പാലം നിര്‍മിക്കണമെന്ന ആവശ്യം അവഗണിക്കുന്നു
മാങ്കുളം മാങ്ങാപ്പാറക്കുടിയിലെ കുടുംബങ്ങള്‍ക്ക് യാത്രാദുരിതം: പാലം നിര്‍മിക്കണമെന്ന ആവശ്യം അവഗണിക്കുന്നു

ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ മാങ്ങാപ്പാറക്കുടിയിലേക്ക് പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിക്കപ്പെടുന്നു. വേനല്‍ക്കാലത്ത് പുഴയിലൂടെ വാഹനങ്ങള്‍ കടന്നുപോകുമെങ്കിലും മഴക്കാലത്ത് ജലനിരപ്പുയരുന്നതോടെ വാഹന ഗതാഗതം പൂര്‍ണമായി നിലയ്ക്കും. ഈ വേനല്‍ക്കാലത്ത് പാലം നിര്‍മിക്കണമെന്ന ആദിവാസി കുടുംബങ്ങളുടെ ആവശ്യത്തിന് പരിഹാരമായിട്ടില്ല. നിരവധി കുടുംബങ്ങളാണ് മാങ്ങാപ്പാറക്കുടിയില്‍ താമസിക്കുന്നത്. വാഹനങ്ങള്‍ പുഴ കടന്നാണ് കുടിയിലെത്തുന്നത്. നിലവില്‍ കാല്‍നടയാത്രയ്ക്കുള്ള നടപ്പാലം മാത്രമാണ് ഇവിടെയുള്ളത്. വേനല്‍ക്കാലത്ത് മാത്രമേ വാഹനങ്ങള്‍ പുഴയിലൂടെ അക്കരയിക്കരെ കടന്നുപോകൂ. മഴക്കാലത്ത് വാഹന ഗതാഗതം സാധ്യമല്ല.
കുടിയില്‍നിന്ന് ആനക്കുളത്തെത്തിയാണ് ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത്. ആനക്കുളത്തുനിന്ന് പരിമിതമായ യാത്രാസൗകര്യം മാത്രമേയുള്ളൂ. പാലത്തിന്റെ അഭാവം ആദിവാസി കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നു. മഴ ശക്തിപ്രാപിച്ചാല്‍ കുട്ടികളുടെ സ്‌കൂള്‍ യാത്ര അവതാളത്തിലാകും. രോഗികളെ ആശുപത്രിയിലെത്തിക്കാനും കഴിയില്ല. വാഹനഗതാഗതം സാധ്യമായ പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






